loader image

അയ്യങ്കാവ് മൈതാനം വാടകയ്ക്ക് കൊടുക്കുന്ന വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം

അയ്യങ്കാവ് മൈതാനം വാടകയ്ക്ക് കൊടുക്കുന്ന വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; തളിയക്കോണം സ്റ്റേഡിയത്തെ ചൊല്ലി പ്രതിക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം വാടകയ്ക്ക് കൊടുക്കുന്ന വിഷയത്തിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ നഗരസഭ യോഗത്തിൽ തീരുമാനം. കഴിഞ്ഞ ആഴ്ചയിൽ നടന്ന പരിപാടിക്ക് ശേഷം മൈതാനം കുഴികൾ നിറഞ്ഞ അവസ്ഥയിലാണെന്നും പരിപാടിക്കൊടുവിൽ മൈതാനം ഇടിയും കുത്തിനും വേദിയായെന്നും യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളായ ടി കെ ഷാജു, പി വി ശിവകുമാർ എന്നിവരിൽ നിന്നും വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണിത്. ഞാറ്റുവേല ചന്തയുടെ പേരിൽ കക്കൂസ് കുഴികൾ ഉണ്ടാക്കുകയാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഉണ്ടായതെന്നും അഭിപ്രായങ്ങൾ ഉയർന്നു. മൈതാനം വേറെ പരിപാടികൾക്ക് കൊടുക്കേണ്ടതില്ലെന്ന് തത്വത്തിൽ തീരുമാനിക്കാമെന്നും മൈതാനത്തിൻ്റെ നടത്തിപ്പ് സംബന്ധിച്ച് ബൈലോ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട് എന്നും ചെയർമാൻ മറുപടി നൽകി.

അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള മേഖലയിൽ നഗരത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം വേണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും മാർക്കറ്റിലെ വാട്ടർ ടാങ്ക് പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും 1500 കണക്ഷനുകൾ നൽകിയെന്നാണ് പറയുന്നതെന്നും പി വി ശിവകുമാർ പറഞ്ഞു. ശുദ്ധജല വിതരണം വാട്ടർ അതോറിറ്റിയുടെ ചുമതലയാണെന്നും നഗരസഭയ്ക്ക് ഇക്കാര്യത്തിൽ പങ്ക് ഇല്ലെന്നും അമൃത് പദ്ധതി കേന്ദ്ര / സംസ്ഥാന പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നതെന്നും ടാങ്കുകളുടെ നിർമ്മാണത്തോടൊപ്പം വിതരണ ശൃംഖല ശക്തിപ്പെടുത്താനും കുളങ്ങളുടെ സംരക്ഷണവുമാണ് അമൃത് പദ്ധതിയിൽ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ വിശദീകരിച്ചു.

See also  ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാമനായി നാട്ടിക സ്വദേശി വൈഷ്ണവ്.

നിർമ്മാണ പ്രവൃത്തി നീളുന്ന തളിയക്കോണം സ്റ്റേഡിയവും ചർച്ചാവിഷയമായി. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ്റെ കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയായതിനാൽ മന്ത്രി താൽപ്പര്യമെടുക്കുന്നില്ലെന്ന് ബിജെപി അംഗം ടി കെ ഷാജു പറഞ്ഞതിനെ എതിർത്ത് എൽഡിഎഫ് അംഗം പി വി ശിവകുമാർ വന്നത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനും കലാശിച്ചു.

അംഗങ്ങളായ സുജ സഞ്ജീവ്കുമാർ , വിജയകുമാരി അനിലൻ , കെ ആർ ലേഖ, കുര്യൻ ജോസഫ് , ടി എസ് വിനീത തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close