ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായുള്ള തിരുവായുധം അവകാശികളായ ആറാട്ടുപുഴ കളരിക്കൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ നിന്നും ഏറ്റുവാങ്ങി.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡൻ്റ് കെ. മുരളീധരൻ എന്നിവരിൽ നിന്നും കളരിക്കൽ കുടുംബാംഗങ്ങളായ ഗോവിന്ദൻ, ദാമോദരൻ, ജയപ്രകാശൻ എന്നിവർ ചേർന്ന് തിരുവായുധം ഏറ്റുവാങ്ങി.
നവീകരിച്ച തിരുവായുധം മാർച്ച് 24ന് കൊടിയേറ്റ ദിവസം രാത്രി 9ന് ഗോപുരത്തിന് മുൻവശത്ത് ആൽത്തറയ്ക്കു സമീപം കളരിക്കൽ കുടുംബാംഗങ്ങൾ നിറപറയോടൊപ്പം ശാസ്താവിന് സമർപ്പിക്കും.
ശാസ്താവ് എഴുന്നെള്ളുമ്പോൾ തിരുവായുധം പിടിക്കുന്ന പാരമ്പര്യ അവകാശികളാണ് ആ സമയത്ത് തിരുവായുധം ഏറ്റുവാങ്ങുന്നത്.
വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയുമാണ് തിരുവായുധം.
കരിമ്പന ദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത്. പൊൻകാവി തേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്.
പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ദേവസ്വം ഓഫീസറും ട്രഷററുമായ യു. അനിൽകുമാർ, ഓഡിറ്റർ ദിലീപ് കുമാർ എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയാണ് ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.


