ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സൈബർ സ്റ്റേഷൻ നിർമ്മാണത്തിനുള്ള നടപടികളുമായി പോലീസ് വകുപ്പ് നീങ്ങുകയാണെന്നും കൈവശാവകാശരേഖ നൽകാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും റവന്യൂ അധികൃതർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സൈബർ സ്റ്റേഷൻ നിർമ്മാണത്തിനായുള്ള നടപടികളുമായി പോലീസ് വകുപ്പ് മുന്നോട്ട് പോകുകയാണെന്ന് റവന്യൂ അധികൃതർ. ഇത് സംബന്ധിച്ച് പോലീസ് വകുപ്പിൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികളും റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണ്. റവന്യൂ വകുപ്പിൻ്റെ മുന്നിൽ മറ്റ് തടസ്സങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നും മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ റവന്യൂ അധികൃതർ വിശദികരിച്ചു. എന്നാൽ പ്രസ്തുത സ്ഥലം തങ്ങളുടെതാണെന്ന് ദേവസ്വം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നും ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും വിഷയത്തിൽ മന്ത്രി ഇടപെടണമെന്നും കേന്ദ്രമന്ത്രിയുടെ പ്രതിനിധി ക്യപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. വിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടുണ്ടെന്നും വിഷയം നിയമപരമാണെന്നും യുക്തമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അറിയിച്ചു
കാറളം പഞ്ചായത്തിലെ ഫ്ലാറ്റ് സമുച്ചയനിർമ്മാണത്തിൻ്റെ കാര്യത്തിൽ നിർമ്മാണ വസ്തുവായ സ്റ്റീലിൻ്റെ വില വർധനവാണ് തടസ്സമായിട്ടുള്ളതെന്നും തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമുള്ള യോഗത്തിൽ വിശദീകരിച്ചു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ലൈഫ് മിഷൻ കോർഡിനേറ്റർ തന്നെ വികസന സമിതി യോഗത്തിൽ എത്തി വിശദീകരിച്ചതാണെന്നും പഞ്ചായത്ത് വീണ്ടും പദ്ധതി കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു.
എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയത്തിൽ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇപ്പോൾ അപ്പീൽ സമയമാണെന്നും റവന്യൂ ഉദ്യോഗസ്ഥർ വിശദീകരിച്ചു.തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത സംബന്ധിച്ച് റവന്യൂ സംഘടന നൽകിയ പരാതി ജില്ലാ കളക്ടർക്ക് അയച്ച് നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും യോഗത്തിൽ അറിയിച്ചു.
കെഎസ്ആർടിസി സ്റ്റാൻ്റിനെ സബ് ഡിപ്പോ ആക്കി ഉയർത്താൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പ്രസിഡൻ്റ് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണം വൈകുന്നതിനെ ചൊല്ലി യോഗത്തിൽ വിമർശനം ഉയർന്നു. ടെണ്ടർ നടപടികൾ നടന്ന് വരികയാണെന്നും കരാറുകാർക്ക് പണം ലഭിക്കാനുള്ളതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതെന്നും നഗരസഭ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വൽസല ബാബു ,കാട്ടൂർ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് അനീഷ് , ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ കെ എസ് പ്രസാദ്,രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി കെ വർഗ്ഗീസ്, കാർത്തികേയൻ, സി യു പ്രിയൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. തഹസിൽദാർ കെ പി രമേശൻ സ്വാഗതം പറഞ്ഞു.



