ഇരിങ്ങാലക്കുട : സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം എസ്‌പി സൈബർ ഓപ്പറേഷൻസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസിന് മികച്ച നേട്ടം.
സെൻട്രൽ എക്യുപ്മെൻ്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത പരാതികളിൽ അന്വേഷണം നടത്തി ഇതുവരെ നഷ്ടപ്പെട്ട 489 മൊബൈൽ ഫോണുകളാണ് തൃശൂർ റൂറൽ പൊലീസ് ഉടമസ്ഥർക്ക് കണ്ടെത്തി നൽകിയത്.
ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാത്രം തൃശൂർ റൂറൽ ജില്ലയിൽ നഷ്ടപ്പെട്ട 52 മൊബൈലുകളാണ് വീണ്ടെടുത്തത്.
അസം, വെസ്റ്റ് ബംഗാൾ, ഡൽഹി, യുപി, കർണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ 38 ഫോണുകൾ കണ്ടെത്തി. ഈ ഫോണുകൾ കൊറിയർ മുഖേന അയച്ച് വാങ്ങുകയായിരുന്നു. ബാക്കിയുള്ളവ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നാണ് കണ്ടെത്തിയത്.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ചും റൂറലിലെ വിവിധ സ്റ്റേഷനുകളിൽ വെച്ചും ഉടമസ്ഥർക്ക് തിരികെ നൽകി.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ 24 ഫോണുകളും, ബാക്കിയുള്ളവ ജില്ലയിലെ വിവിധ ലോക്കൽ പൊലീസ് സ്റ്റേഷനുകളും ചേർന്നാണ് വീണ്ടെടുത്തത്.
നഷ്ടപ്പെട്ട ഫോണുകളെ ശാസ്ത്രീയമായ രീതിയിൽ നിരന്തരം നിരീക്ഷിച്ച് തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൂറൽ പൊലീസ് വിപുലമായ ബോധവൽക്കരണം നടത്തിയിരുന്നു. ഇത്തരം സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും, പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താനാകുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻതന്നെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ, ഇൻ്റർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ ഐഡിയും പാസ്‌വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ ഫൈൻഡ് മൈ ഡിവൈസിൽ ലോഗിൻ ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്.
എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്, ഇമെയിൽ ഐ ഡി ഓർമ്മയില്ല, ലൊക്കേഷൻ ഓൺ അല്ല എങ്കിൽ പൊലീസിൽ ഒരു പരാതി നേരിട്ടോ, പോൽ ആപ്പ് മുഖേന ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യുക. പരാതി രജിസ്റ്റർ ചെയ്തതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതിയുടെ രസീത് കയ്യിൽ കരുതുക. നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ അത്യാവശ്യമാണ്.
24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും. അതിനു ശേഷമേ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യാവൂ.
പരാതിയുടെ രസീത്, തിരിച്ചറിയൽ രേഖ എന്നിവ ഏതെങ്കിലും, കയ്യിൽ കരുതുക. ശേഷം www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ മൊബൈൽ നമ്പർ, IMEI നമ്പർ, മൊബൈൽ ബ്രാൻഡിൻ്റെ പേര്, മോഡൽ, ഇൻവോയ്സ് എന്നിവ നൽകണം(ഇൻവോയ്സ് നിർബന്ധമല്ല), ഒപ്പം നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയ്യതി, പൊലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം. ഫോണിൻ്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും, ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത മൊബൈൽ നമ്പറും നൽകി ഒ.ടി.പി. വേരിഫിക്കേഷനും നടത്തി നഷ്ടമായ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങൾക്ക് ലഭിക്കും. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
മൊബൈൽ ഫോൺ ട്രേസ് ചെയ്യപ്പെടുമ്പോൾ CElR പോർട്ടലിൽ ഒടിപി വേരിഫിക്കേഷൻ നടത്തിയ നമ്പറിലേക്ക് ഒരു എസ്എംഎസ് അറിയിപ്പ് ലഭിക്കുന്നതാണ്. ഈ അറിയിപ്പ് ലഭിച്ചാൽ പരാതിക്കാർ പരാതി നൽകിയ പൊലീസ് സ്റ്റേഷനുമായി എത്രയും വേഗം ബന്ധപ്പെടണം.
ഇനി ഫോൺ തിരിച്ച് കിട്ടിയാൽ
www.ceir.gov.in വെബ്സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള (Un-BlockFound Mobile) ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം, ഒടിപി വേരിഫൈ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡ് ഇട്ട് നിങ്ങൾക്ക് ഉപയോഗിക്കാം.
ശ്രദ്ധിക്കുക, തിരികെ ലഭിച്ച മൊബൈൽ ഫോൺ അൺബ്ലോക്ക് ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത മൊബൈൽ ഫോണിൽ സിം ഇട്ട് ഉപയോഗിക്കാൻ കഴിയുകയില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ sanchar saathi എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. https://sancharsaathi.gov.in/


