ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനത്തിൻ്റെ നേതൃത്വത്തിൽ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച നവവത്സരാഘോഷം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
മതങ്ങളുടെ നന്മയെ തിരിച്ചറിയാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇക്കാലത്ത്, തന്നെപ്പോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിൻ്റെ സന്ദേശം ഈ ക്രിസ്തുമസ്സ് വേളയിൽ ഏറെ പ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ട് കാട്ടൂർ കലാസദനം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ രചിച്ച “ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും” എന്ന കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു. കവി ഡോ. സുഭാഷിണി മഹാദേവൻ പുസ്തകം ഏറ്റു വാങ്ങി.
ടി. ഗീത അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തക പരിചയം നടത്തി.
ഡോ. സി. രാവുണ്ണി, പി.കെ. കിട്ടൻ, കെ.വി. വിൻസെൻ്റ്, റഷീദ് കാറളം, രാധാകൃഷ്ണൻ വെട്ടത്ത്, സി.എഫ്. റോയ്, വി.ആർ. ലിഷോയ്, കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ പ്രസംഗിച്ചു.
നിരവധി കവികൾ പങ്കെടുത്ത കവിയരങ്ങ് ഡോ. പി.ബി. ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു.
ആൻ്റണി കൈതാരത്ത് അധ്യക്ഷത വഹിച്ചു.


