രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 32 സർവകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അറിയിച്ചു.ഇത്തരം സ്ഥാപനങ്ങളില്‍ നല്കുന്ന ബിരുദങ്ങള്‍ക്ക് ഉപരിപഠനത്തിനോ ജോലിക്കോ നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് യുജിസി മുന്നറിയിപ്പ് നല്കി. ഏറ്റവും കൂടുതല്‍ വ്യാജ സർവകലാശാലകളുള്ളത് തലസ്ഥാനമായ ഡല്‍ഹിയിലാണ് (12 എണ്ണം). തൊട്ടുപിന്നില്‍ ഉത്തർപ്രദേശ്.
യുജിസി ആക്ട് സെക്ഷൻ 2 (f), സെക്ഷൻ 3 എന്നിവ പ്രകാരം കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ അംഗീകാരമില്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത്. ബിരുദങ്ങള്‍ നല്കാൻ ഇവർക്ക് നിയമപരമായി അധികാരമില്ല. പ്രവേശനത്തിന് മുൻപ് വിദ്യാർത്ഥികള്‍ സ്ഥാപനങ്ങളുടെ അംഗീകാരം കൃത്യമായി പരിശോധിക്കണമെന്ന് യുജിസി നിർദ്ദേശിച്ചു.
വ്യാജമായി പ്രഖ്യാപിച്ച 32 സർവകലാശാലകളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ വ്യാജ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത് ഡല്‍ഹിയിലാണ് (12 എണ്ണം). തൊട്ടുപിന്നാലെ ഉത്തർപ്രദേശില്‍ നാല് സ്ഥാപനങ്ങളും, കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ രണ്ട് വീതം വ്യാജ സർവകലാശാലകളും, ഹരിയാന, ജാർഖണ്ഡ്, രാജസ്ഥാൻ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ സ്ഥാപനവും വീതമാണ് നിലവില്‍ പ്രവർത്തിച്ചുപോരുന്നത്. ഇതില്‍ സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ‘ഇന്റർനാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ, ‘സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി’ എന്നിവയും പട്ടികയിലുണ്ട്.
ഡല്‍ഹിയിലെ ‘യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി’, ‘കൊമേഴ്ഷ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്’, ‘വൊക്കേഷണല്‍ യൂണിവേഴ്സിറ്റി’, ‘അദ്ധ്യത്മക് വിശ്വവിദ്യാലയ’, ‘ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിംഗ്’, കർണാടകയിലെ ‘സർവ ഭാരതീയ ശിക്ഷാ പീഠ്’, ‘ഗ്ലോബല്‍ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി’, ഉത്തർപ്രദേശിലെ ‘ഗാന്ധി ഹിന്ദി വിദ്യാപീഠ്’, ‘ഭാരതീയ ശിക്ഷാ പരിഷത്ത്’, ‘നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്സിറ്റി’, ‘മഹാമായ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി’, ആന്ധ്രയിലെ ‘ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി’, ‘ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ’ തുടങ്ങിയവയുള്‍പ്പെടെയുള്ള വ്യാജ സർവകലാശാലകളാണ് യുജിസിയുടെ ജാഗ്രതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


