loader image
കാട്ടാന ആക്രമണം തുടര്‍ക്കഥയായി അതിരപ്പിള്ളി

കാട്ടാന ആക്രമണം തുടര്‍ക്കഥയായി അതിരപ്പിള്ളി

അതിരപ്പിള്ളി പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടാന ശല്യം നിത്യസംഭവം. തെങ്ങ്, കവുങ്ങ്, പച്ചക്കറി വിളകള്‍ കാട്ടാനക്കൂട്ടം തകർക്കുന്നു.നാട്ടുകാർ രാത്രിയില്‍ തെരുവിലിറങ്ങി ഇവയെ തുരത്തുന്നു. പിറ്റേദിവസം വനപാലകർ സ്ഥലത്തെത്തി പരിശോധ നടത്തി പോകുന്നു. ഇതാണ് പഞ്ചായത്തിലെ സ്ഥിരം സ്ഥിതി. ആനകള്‍ ജനവാസ മേഖലയില്‍ എത്തുന്ന അവസ്ഥ ഒഴിവാക്കാൻ ആര് നടപടി സ്വീകരിക്കും? ഇതേക്കുറിച്ച്‌ ആർക്കും അറിയില്ല. അടുത്ത കാലംവരെ ഉപജീവന മാർഗമായിരുന്ന വിളകള്‍ ആനക്കൂട്ടം ചവിട്ടി നിരപ്പാക്കുമ്പോള്‍ എന്നന്നത്തേയ്ക്കുമായി കർഷകർക്ക് നഷ്ടപ്പെടുന്ന വരുമാന പ്രശ്‌നവും ചർച്ചയാകുന്നില്ല. ഒരുകാലത്ത് വ്യാപകമായിരുന്ന പറമ്പിലെ കൃഷി രീതി നിലംപരിശായും മാറുന്നു. നേരം ഇരുട്ടിയാല്‍ മറുകരയില്‍ നിന്ന് പുഴ കടന്ന് ആനകള്‍ എത്തും. വെട്ടിക്കുഴി മുതല്‍ പിള്ളപ്പാറ വരെയാണ് നിരന്തര ആനശല്യം. പരിയാരം പഞ്ചായത്തിലെ പീലാർമുഴി, മോതിരക്കണ്ണി എന്നിവിടങ്ങളില്‍ നിന്ന് ആനകള്‍ എത്തുന്നുണ്ട്. അതിരപ്പിള്ളിയില്‍ വാഴക്കൃഷി അന്യം നിന്നുപോകുന്ന അവസ്ഥ സംജാതമാവുകയാണ്. കവുങ്ങുകള്‍ക്കും രക്ഷയില്ല. ചെറുതരം പച്ചക്കറികള്‍ ചവിട്ടി നശിപ്പിക്കുന്നതോടെ ഈ ഉദ്യമത്തില്‍ നിന്നും ആളുകള്‍ പിൻവാങ്ങുന്ന സാഹചര്യമായി. പഞ്ചായത്തിന്റെ പ്രതിരോധ സംഘവും വനംവകുപ്പിന്റെ ആർ.ആർ.ടിയും പ്രവർത്തിക്കുന്നുണ്ടെങ്കിലും ആനകളുടെ താണ്ഡവം തടയുന്നതിന് ഇവയൊന്നും പര്യാപ്തമല്ല. വേനല്‍ കടുക്കുന്നതോടെ ആനശല്യം രൂക്ഷമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.

പതിനഞ്ചംഗ സംഘം വില്ലന്മാർ
അതിരപ്പിള്ളിയില്‍ സ്ഥിരമായി എത്തുന്നത് പതിനഞ്ച് ആനകള്‍. തുമ്പിക്കൈയുടെ അഗ്രം നഷ്ടപ്പെട്ട കുട്ടിയാനയും സംഘത്തില്‍പ്പെടും. ഇതിന് പുറമെ പലപ്പോഴായി മറ്റ് അമ്പതോളം ആനകള്‍ ശല്യക്കാരായി എത്തുന്നുണ്ട്. അതിരപ്പിള്ളി വനമേഖലയില്‍ തമ്പടിക്കുന്ന ആനക്കൂട്ടമാണ് ചെറുസംഘം. പുഴയുടെ മറുകരയില്‍ നിന്നുള്ളതാണ് മറ്റുള്ളവ. പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ തമ്പടിക്കുന്ന ഇവ രണ്ടും മൂന്നും ദിവസങ്ങള്‍ കഴിയുമ്പോഴാണ് പുഴ കടക്കുന്നതും ആളുകള്‍ക്ക് കൂടുതല്‍ ശല്യമുണ്ടാക്കുന്നതും.

പ്രതിരോധം ഫലവത്തായില്ല
കാട്ടാനകളെ തടയുന്നതിന് തയ്യാറാക്കിയ ഫെൻസിംഗ് സംവിധാനം പരാജയപ്പെട്ടത് പ്രശ്നം കൂടുതല്‍ വഷളാക്കി. ചാലക്കുടിപ്പുഴയുടെ തീരത്ത് കൂടി ഇവ ഒരുക്കി വരുന്നതിനിടെ വനം വകുപ്പിന്റെ സാങ്കേതിക പ്രശ്‌നം പദ്ധതിയെ സ്തംഭനാവസ്ഥയിലാക്കി. മരങ്ങള്‍ മുറിക്കാൻ അനുമതിയില്ലാത്തതാണ് കാരണമായത്. ഇതോടെ പാതിവഴിയിലായ നിർമ്മാണ സാമഗ്രികളെ ആനകള്‍ തന്നെ പിഴുതെറിഞ്ഞു കൊണ്ടിരിക്കുന്നു.

Spread the love
See also  സംസ്ഥാനത്ത് രാവിലെ കുറഞ്ഞ സ്വർണവിലയിൽ ഉച്ചയോടെ വർധനവ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close