സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി സർക്കാർ കണക്ഷനുകളെ പ്രീപെയിഡ് സംവിധാനത്തിലേക്ക് മാറ്റുന്ന നടപടികള്‍ പൂർത്തിയായതായി കെഎസ്‌ഇബിയുടെ അറിയിപ്പ്.
ഇതോടെ സംസ്ഥാന സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടെ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളാണ് പ്രീപെയിഡ് ബില്ലിംഗിലേക്ക് മാറുന്നത്. കെ എസ് ഇ ബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനിലെ ‘സ്മാർട്ട് മീറ്റർ ഓപ്പറേഷൻസ് സെന്റർ’ കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ആദ്യഘട്ടത്തില്‍, ഏകദേശം 3 ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. സർക്കാർ ഓഫീസുകള്‍ക്ക് പുറമെ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകള്‍, ഇലക്‌ട്രിക്കല്‍ ഡിവിഷൻ അതിർത്തികള്‍, സബ്സ്റ്റേഷൻ ഫീഡറുകള്‍, ഹൈ-ടെൻഷൻ (HT) ഉപഭോക്താക്കള്‍ എന്നിവർക്കും സ്മാർട്ട് മീറ്ററുകള്‍ നല്‍കുന്നുണ്ട്. നിലവില്‍ എല്ലാ ലോ-ടെൻഷൻ (LT) സർക്കാർ കണക്ഷനുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 1,72,697 കണക്ഷനുകള്‍ ഇതിനകം സ്മാർട്ട് മീറ്ററിലേക്ക് മാറി. മുഴുവൻ ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ച് നാഷണല്‍ ഫീഡർ മോണിറ്ററിങ്ങ് (NFMS) സിസ്റ്റവുമായി കൂട്ടിച്ചേർത്തുവെന്നും കെഎസ്‌ഇബി അറിയിച്ചു.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളില്‍ സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ പോസ്റ്റ്- പെയ്ഡ് രീതി തന്നെ തുടരും. എന്നാല്‍, സ്മാർട്ട് മീറ്ററില്‍ നിന്ന് ലഭിക്കുന്ന മീറ്റർ റീഡിങ്ങ് ഡേറ്റ ബില്ലിങ്ങിന് ഉപയോഗിക്കും. ആദ്യഘട്ട നടപടികള്‍ പൂർത്തിയാകുന്ന മുറയ്ക്ക് ഇവയും പ്രീപെയിഡിലേക്ക് മാറ്റുന്നതാണ്. സ്മാർട്ട് മീറ്റർ ഉപഭോക്താക്കള്‍ക്ക് ബാലൻസ് പരിശോധിക്കുന്നതിനും റീചാർജ് ചെയ്യുന്നതിനുമായി https://cportal.kseb.in എന്ന വെബ്പോർട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ‘KSEB Smart+’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും വൈകാതെ ലഭ്യമാകുമെന്നും അറിയിപ്പ്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ ‘ടോട്ടക്സ്’ (TOTEX) മാതൃക പിന്തുടർന്നപ്പോള്‍, ഉപഭോക്താക്കളില്‍ ഉയർന്ന നിരക്ക് അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാൻ കേരളം സ്വന്തമായ ഒരു ബദല്‍ മാതൃക തയ്യാറാക്കിയിരുന്നു. 15% കേന്ദ്ര സഹായം ലഭിക്കുന്ന ടോട്ടക്സ് മാതൃകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ പദ്ധതി നടപ്പാക്കാൻ ഈ ബദല്‍ രീതിയിലൂടെ കേരളത്തിന് സാധിച്ചുവെന്നും കെഎസ്‌ഇബി. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 2026 ആഗസ്ത് മാസത്തോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇസ്ക്രാമെക്കോ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ഈസ്യാ സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തിലെ സ്മാർട്ട് മീറ്റർ പദ്ധതിയുടെ കരാറുകാർ.



