കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പരാതി നല്‍കിയ കുടുംബത്തെ നേരില്‍ കാണാൻ സന്ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഷണ്‍മുഖം കനാല്‍ പരിസരത്ത് കുടുംബങ്ങള്‍ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്കാണ് കുടുംബം പരാതി നല്‍കിയത്. തണ്ടാശ്ശേരി ബിജുവിന്റെയും ബബിതയുടെയും വീട്ടില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സുരേഷ്ഗോപി എത്തിയത്. തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയില്‍ ഠാണ മുതല്‍ ചന്തക്കുന്ന് വരെ നടക്കുന്ന നിർമാണ പ്രവൃത്തികളെ തുടർന്ന് നഗരസഭയിലെ 20-ാം വാർഡ് ഉള്‍പ്പെടെയുള്ള പ്രദേശത്ത് രണ്ടാഴ്ചയായി വാട്ടർ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയ അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് ഇ-മെയിലിലൂടെ പരാതി അയച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ബിജെപി പ്രവർത്തകർ പ്രദേശത്തെ വീടുകളില്‍ വണ്ടിയില്‍ വെള്ളം വിതരണം ചെയ്തിരുന്നു. പുറമേ ജലവിതരണം പുനരാരംഭിക്കാൻ അടിയന്തര നടപടി എടുക്കണമെന്ന് വാട്ടർ അതോറിറ്റി ഓഫിസില്‍ എത്തി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരുടെ വീട്ടില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സുരേഷ് ഗോപി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. കലക്ടറുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് സുരേഷ്ഗോപി മടങ്ങിയത്. ബിജെപി നേതാക്കളായ ആർച്ച അനീഷ്, സന്തോഷ് ചെറാക്കുളം, അഖിലാഷ് വിശ്വനാഥൻ, ഷൈജു കുറ്റിക്കാട്ട്,രമേഷ് അയ്യർ,ജോജൻ കൊല്ലാട്ടില്‍, ലിഷോണ്‍ ജോസ്, സിക്സണ്‍ മാളക്കാരൻ, ബാബുരാജ് എന്നിവരും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.




