ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി വടക്കേക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ കടത്തുകയായിരുന്ന 67.429 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം തേലകം സ്വദേശി മങ്കിലേറ്റു വീട്ടിൽ ലിന്റോ ജോസഫിനെ (39) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ പുന്നയൂർക്കുളം കുമാരൻ പടി റെഡ് ഹൗസ് പരിസരത്ത് വെച്ചായിരുന്നു പരിശോധന നടന്നത്. കമ്മീഷണറുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെയാണ് വാഹനം എത്തിയത്. പരിശോധനയിൽ സംശയം തോന്നിയ പോലീസ് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിന് പിന്നിലായി തകിട് സ്ക്രൂ ചെയ്ത് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇത് മാറ്റി നോക്കിയപ്പോൾ പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഒഡീസയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് എറണാകുളം കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ലിന്റോ ജോസഫെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ട്.



