"> Skip to content
Sample Header Banner
October 31, 2026
⌕

കുതിച്ചുയര്‍ന്ന് കാലിത്തീറ്റ വില; ക്ഷീരകർഷകർ ദുരിതക്കയത്തില്‍

October 31, 2026
Share this post to
🌐 Select your Language: Current: മലയാളം

വീണ്ടും കാലിത്തീറ്റ വില ഉയർന്നതോടെ ക്ഷീരകർഷകർ ദുരിതക്കയത്തില്‍. കെ.എസ്. കാലിത്തീറ്റയുടെ എല്ലാ വിഭാഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം മുതല്‍ 50 രൂപ വീതം വർദ്ധിപ്പിച്ചു.

ചോളത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് വർദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

സർക്കാർ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണമെന്നും കർഷകർക്ക് നേരിട്ട് സബ്‌സിഡി ലഭ്യമാക്കണമെന്നും ആവശ്യമുയർന്നിട്ട് നാളുകളായി. ക്ഷീരസംഘങ്ങള്‍ വഴിയുള്ള സബ്‌സിഡി വർദ്ധിപ്പിക്കണമെന്നും ഉല്പാദനച്ചെലവിന് ആനുപാതികമായി പാലിന് ന്യായവില ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

 പുതുക്കിയ വിലവിവരം (50 കിലോഗ്രാം): കെ.എസ്.പുഷ്ടിമ 1490 രൂപ, ഡീലക്സ് പ്ലസ് പെല്ലറ്റ്സ് 1595 രൂപ, സുപ്രീം പെല്ലറ്റ്സ് 1750 രൂപ, ഹൈപ്രോ 1915 രൂപ. 20 കിലോഗ്രാം പുഷ്ടിമയ്ക്ക് 620 രൂപയാണ് വില. സെപ്തംബറില്‍ ഡിലക്സ് പ്ലസ്, സുപ്രീം പെല്ലറ്റുകള്‍ക്ക് 50 രൂപ വർദ്ധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ വർദ്ധന.

പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സും വില വർധിപ്പിക്കുമെന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവില്‍ കേരള ഫീഡ്‌സ് ഡെയറി റിച്ച്‌ പ്ലസിന് 1644 രൂപയും എലൈറ്റിന് 1540 രൂപയും മിടുക്കിക്ക് 1285 രൂപയുമാണ് വില.

കർഷകർ ക്ഷീരമേഖല വിടുന്നു

ഉല്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതോടെ പലരും ക്ഷീരമേഖല വിടുകയാണ്. പശുവളർത്തല്‍ ചെലവിന്റെ 60 മുതല്‍ 70 ശതമാനം വരെ കാലിത്തീറ്റയ്ക്കായി നീക്കിവയ്ക്കേണ്ടി വരുന്നു. പ്രധാന ചേരുവയായ ചോളത്തിന്റെ വില ടണ്ണിന് 14,000 രൂപയില്‍നിന്ന് 26,500 രൂപയായി കുതിച്ചുയർന്നു. എഥനോള്‍ നിർമ്മാണത്തിനായി ചോളവും സോയാബീനും വൻതോതില്‍ ഉപയോഗിക്കുന്നത് തിരിച്ചടിയായെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

 സബ്‌സിഡിയില്‍ തീരുമാനം ആയില്ല

കർഷകർക്ക് മില്‍മ നല്‍കിയിരുന്ന സബ്‌സിഡി വൻതോതില്‍ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധങ്ങള്‍ അനവധി ഉണ്ടായെങ്കിലും ഫലമൊന്നും ഉണ്ടായില്ല. വർഷത്തില്‍ രണ്ടും മൂന്നും തവണ കർഷകർക്ക് സബ്‌സിഡി ലഭിച്ചിരുന്നത് ഇപ്പോള്‍ മാസങ്ങളായി ലഭിച്ചിട്ടില്ല. ലിറ്ററിന് എട്ട് രൂപ വരെ സബ്‌സിഡി നല്‍കിയിരുന്നത് ഒരു രൂപ മാത്രമാണ് ഇപ്പോള്‍.

Get more updates from Pudukad News on Google