തൃശൂരിൽ ജനിച്ച് ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലേക്ക്; നിത്യ രാമന്റെ വിജയത്തിൽ പഴയ നടക്കാവിലെ വീട്ടിൽ ഇരട്ടിമധുരം

ബാല്യകാലം തൃശൂരിൽ; ഭവൻസ് വിദ്യാമന്ദിറിൽ പഠനം; ബന്ധുക്കൾക്കൊപ്പം കളിച്ചുവളർന്ന നിത്യയുടെ വിജയവാർത്തയ്ക്കായി അർധരാത്രിവരെ കാത്തിരിപ്പ്; സന്തോഷം പങ്കുവച്ച് ബന്ധുക്കൾ
തൃശൂർ: ലോസ് ആഞ്ചലസിന്റെ മേയറായി നിത്യ വി. രാമൻ തിരഞ്ഞെടുക്കപ്പെട്ട വാർത്തയെത്തിയപ്പോൾ തൃശൂർ പഴയ നടക്കാവിലെ ശ്രീശ്രുതി വീട്ടിൽ അത് വെറുമൊരു വിജയവാർത്തയായിരുന്നില്ല. കുടുംബത്തിലെ ഒരംഗത്തിന്റെ വലിയ നേട്ടം. അതിലുപരി, തൃശൂരിന്റെ മണ്ണിൽ ജനിച്ച് ബാല്യത്തിന്റെ ആദ്യകാലം ഇവിടെ ചെലവഴിച്ച പെൺകുട്ടി അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ മേയർ പദവിയിലേക്കുയർന്നതിന്റെ അഭിമാനവും സന്തോഷവും. നിത്യയുടെ വിജയവാർത്ത അറിയാനുള്ള ആകാംക്ഷയിലായിരുന്നു തൃശൂർ പഴയ നടക്കാവിൽ താമസിക്കുന്ന ബന്ധുക്കളായ പ്രൊഫ. ടി.കെ. ദേവനാരായണനും ഭാര്യ പുഷ്പയും.
അമേരിക്കയിലെ ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് 45-കാരിയായ നിത്യ രാമൻ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ വംശജയായ നിത്യയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ മാത്രമല്ല, കേരളത്തിലും പ്രത്യേക ശ്രദ്ധ നേടി. എന്നാൽ തൃശൂരിലെ ബന്ധുക്കൾക്ക് ഈ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നിത്യ ജനിച്ചതും ബാല്യത്തിലെ ആദ്യവർഷങ്ങൾ ചെലവഴിച്ചതും തൃശൂരിലാണ്.
സെന്റ് തോമസ് കോളജിൽ ഫിസിക്സ് പ്രൊഫസറായി വിരമിച്ച ടി.കെ. ദേവനാരായണന്റെ ജ്യേഷ്ഠത്തി ടി.കെ. ഭവാനിയുടെ മകൾ സുധയുടെ മകളാണ് നിത്യ. നിത്യയുടെ അമ്മ സുധ തൃശൂരിലാണ് വളർന്നത്. അച്ഛൻ ആർ. വെങ്കിട്ടരാമന് കെൽട്രോണിൽ ജോലി ലഭിച്ചതിനെത്തുടർന്ന് കുടുംബം അദ്ദേഹത്തിന്റെ സ്വദേശമായ തിരുവനന്തപുരത്തേക്ക് തിരികെ പോയി. പിന്നീട് ഉപരിപഠനത്തിനായി അദ്ദേഹം വിദേശത്തേക്ക് പോയപ്പോൾ സുധയും നിത്യയും വീണ്ടും തൃശൂരിലെത്തി. സുധ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.
നിത്യയുടെ ബാല്യകാല ഓർമകളിൽ തൃശൂരിനും പഴയ നടക്കാവിലെ കുടുംബവീടിനും പ്രത്യേക സ്ഥാനമുണ്ട്. എൽ.കെ.ജി., യു.കെ.ജി., ഒന്നാം ക്ലാസ് പഠനം തൃശൂരിലെ ഭവൻസ് വിദ്യാമന്ദിറിലായിരുന്നു.
“നിത്യ ജനിച്ചത് തൃശൂരിലാണ്. ഇവിടെ ഭവൻസ് വിദ്യാമന്ദിറിൽ മൂന്നു വർഷം പഠിക്കുകയും ചെയ്തു. അന്നത്തെ കാര്യങ്ങളെല്ലാം ഇപ്പോഴും ഓർമയിലുണ്ട്,” ദേവനാരായണൻ പറഞ്ഞു.
നിത്യയുടെ അമ്മ സുധയും തൃശൂരിലാണ് പഠിച്ചുവളർന്നത്. ഒന്നാം ക്ലാസ് മുതൽ വിവേകോദയം ഹൈസ്കൂളിലും പിന്നീട് വിമല കോളജിലും പഠനം. ഫിസിക്സിലെ ബിരുദവും തൃശൂരിൽ നിന്നുതന്നെ. പിന്നീട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥയായി. കുടുംബത്തിന്റെ തൃശൂരുമായുള്ള ബന്ധം നിത്യയുടെ ബാല്യത്തിനപ്പുറവും നീളുന്നതാണ്.
നിത്യയും ദേവനാരായണന്റെ മകനും തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ബന്ധുക്കളായ കുട്ടികൾ ഒരുമിച്ച് കളിച്ചും സമയം ചെലവഴിച്ചുമാണ് വളർന്നത്. നിത്യയുടെ സ്വഭാവവും പെരുമാറ്റവും ഇന്നും ഓർമയിലുണ്ടെന്ന് ദേവനാരായണന്റെ ഭാര്യ പുഷ്പ പറയുന്നു.
“എല്ലാം നല്ല ഓർമകളാണ്. വളരെ നല്ല സ്വഭാവമായിരുന്നു നിത്യയുടേത്. അധികം സംസാരിച്ച് ബഹളം വയ്ക്കുന്ന പ്രകൃതമല്ല. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. സ്കൂളിലും നല്ല പേരായിരുന്നു. എന്റെ മകനും നിത്യയും വലിയ കൂട്ടായിരുന്നു. വീട്ടിലെത്തിയാൽ ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കും. അന്നെല്ലാവരും ഇവിടെത്തന്നെയുണ്ടായിരുന്നതിനാൽ വളരെ അടുത്ത ബന്ധമായിരുന്നു,” പുഷ്പ പറഞ്ഞു.
പഴയ നടക്കാവിലെ വീട്ടിൽ നിത്യയുടെ വിജയവാർത്ത അറിയാൻ ബന്ധുക്കൾ കാത്തിരിക്കുകയായിരുന്നു ദേവനാരായണനും പുഷ്പയും . തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിവരങ്ങൾ വന്നുകൊണ്ടിരിക്കെ അർധരാത്രിയോടെയാണ് നിത്യയുടെ അമ്മ സുധയുടെ ഫോൺവിളിയെത്തിയത്. ലോസ് ആഞ്ചലസിൽ നിത്യയുടെ വിജയം ഉറപ്പായെന്ന സന്തോഷവാർത്ത സുധയാണ് ബന്ധുക്കളെ അറിയിച്ചത്.
“‘It is confirmed’ എന്നാണ് സുധ വിളിച്ചുപറഞ്ഞത്. നിത്യയാണ് ഇനി ലോസ് ആഞ്ചലസ് മേയർ എന്നത് കേട്ടപ്പോൾ വലിയ സന്തോഷമായി,” ദേവനാരായണൻ പറഞ്ഞു.
വിജയവാർത്ത അറിഞ്ഞതോടെ നിത്യയെ വിളിക്കാനായി ബന്ധുക്കൾക്ക് അവസരം ലഭിച്ചില്ല. ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ഫോൺവിളികൾ നിത്യയെ തേടിയെത്തിയതിനാൽ തിരക്കിലായിരുന്നുവെന്ന് ദേവനാരായണൻ പറഞ്ഞു.
സുധ എല്ലാ വർഷവും തൃശൂരിലെത്താറുണ്ട്. എന്നാൽ നിത്യ അവസാനമായി തൃശൂരിലെത്തിയത് 2019-ൽ കുടുംബസംഗമത്തിൽ പങ്കെടുക്കാനാണ്. 2020-ൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയപ്രവർത്തനങ്ങളും ഔദ്യോഗിക തിരക്കുകളും വർധിച്ചു. പിന്നീട് നാട്ടിലെത്താൻ അധികം അവസരമുണ്ടായില്ല.
കൗൺസിലറായി രണ്ടുതവണ വിജയിച്ച നിത്യ, നഗരത്തിലെ ഭവനരഹിതർക്കായി നടത്തിയ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു. മേയർ പദവിയിലേക്കുള്ള ഈ ഉയർച്ച കുടുംബാംഗങ്ങൾക്കും ഏറെ സന്തോഷം നൽകുന്നതാണ്. 2028-ൽ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുമ്പോൾ നഗരത്തിന്റെ മേയർ എന്ന നിലയിൽ നിത്യയ്ക്കായിരിക്കും ആഗോള കായികമേളയുടെ ഭാഗമായുള്ള വലിയ ഉത്തരവാദിത്വമെന്ന പ്രതീക്ഷയും ദേവനാരായണൻ പങ്കുവച്ചു.
അമേരിക്കയിലെ രാഷ്ട്രീയനേട്ടത്തിന്റെ തിളക്കത്തിനിടയിലും നിത്യയുടെ ജീവിതത്തിലെ ആദ്യകാല ഓർമകളിൽ തൃശൂരിന് ഇടമുണ്ട്. പഴയ നടക്കാവിലെ വീട്ടിൽ ഇന്നും ആ ബാല്യകാലത്തിന്റെ കഥകൾ പറയാനുണ്ട്. ബന്ധുക്കൾക്ക് ആ കഥകൾ ഇനി കൂടുതൽ അഭിമാനത്തോടെ ഓർക്കാം — തൃശൂരിൽ ജനിച്ച, ഇവിടെ പഠിച്ചും കളിച്ചും വളർന്ന നിത്യ ഇന്ന് ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലേക്ക്.










