Skip to content
November 15, 2026
⌕

ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് വികസന പദ്ധതി; ഡിവൈഡർ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും

November 13, 2026
Share this post to

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം അടുത്ത ആഴ്ച പുനരാരംഭിക്കും. ഡിവൈഡർ നിർമ്മാണവുമായി ബന്ധപ്പെട്ട് എതിർപ്പ് ഉയർന്ന സാഹചര്യത്തിലും അന്യ സംസ്ഥാനക്കാരായ നിർമ്മാണ തൊഴിലാളികൾ ദീപാവലി പ്രമാണിച്ച് നാടുകളിലേക്ക് മടങ്ങിയതിനാലുമാണ് പണികൾ താത്കാലികമായി നിറുത്തി വച്ചതെന്ന് കെഎസ്ടിപി അധികൃതർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിൽ റോഡിൻ്റെ രൂപരേഖ വ്യക്തമാക്കിയിരുന്നതാണെന്നും അപകടങ്ങൾ ഒഴിവാക്കാനുള്ള ഡിവൈഡർ നാലുവരി പാതയുടെ ഭാഗമാണെന്നും ഡിവൈഡർ നിർമ്മാണം പകുതിയിൽ അധികം പൂർത്തിയായിക്കഴിഞ്ഞുവെന്നും തൊഴിലാളികൾ മടങ്ങിയാൽ ഉടനെ ഡിവൈഡർ , നടപ്പാതകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നവംബർ 5 ന് റെസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ആക്ഷൻ കൗൺസിലിൻ്റെ പരാതികളെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചത് . എന്നാൽ പണികൾ നിറുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് സിപിഎം , സിപിഐ, കോൺഗ്രസ് , ബിജെപി എന്നീ രാഷ്‌ട്രീയകക്ഷികളിൽ നിന്നും ഉയർന്നത്. കേക്ക് മുറിച്ച് തുടങ്ങിയ 200-മത് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിലും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും വിമർശനങ്ങൾ ഉയർന്നു. ആക്ഷൻ കൗൺസിലിന് എതിരെ സമൂഹമാധ്യമങ്ങളിലും തുടർച്ചയായ വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടായി. വിമർശനങ്ങൾ ഗൗരവമുള്ളതാണെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ യും വിഷയത്തിൽ ഇടപെടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിമിതികൾ ഉണ്ടെന്ന് നഗരസഭ ചെയർമാൻ എം പി ജാക്സനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഒരു വീട്ടുവീഴ്ചയുമില്ലെന്ന് കഴിഞ്ഞ പദ്ധതി യാഥാർഥ്യമാക്കാൻ എറെ ശ്രമങ്ങൾ നടത്തിയ മുൻ മന്ത്രി ഡോ ആർ ബിന്ദുവും വ്യക്തമാക്കിയിരുന്നു.

Get more updates from Pudukad News on Google