Skip to content
November 15, 2026
⌕

ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പ് : 1,06,75,000 രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

November 14, 2026
Share this post to

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽനിന്ന് 2025 ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ 1,06,75,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് കോയമ്പത്തൂർ നോർത്ത് വിലൻകുറിച്ചി ചേരമ നഗർ സ്വദേശി വിക്രം (31) ആണ് അറസ്റ്റിലായത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
പരാതിക്കാരൻ ഗൂഗിളിൽ ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട വീഡിയോകൾ തിരയുന്നതിനിടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുകയും അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെത്തുടർന്ന് ‘5 പൈസ ടെക്നിക്കൽ അനാലിസിസ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയും ചെയ്തു.
പ്രസ്തുത ഗ്രൂപ്പിൽ ട്രേഡിങ്ങുമായി ബന്ധപ്പെട്ട ടിപ്പുകൾ കണ്ട പരാതിക്കാരനെ കൂടുതൽ ലാഭകരമായ ട്രേഡിങ് നടത്താമെന്ന് വിശ്വസിപ്പിച്ച് ഗ്രൂപ്പ് അഡ്മിനായ പ്രതി ഫോണിൽ ബന്ധപ്പെടുകയും FIVEPCL03 ട്രേഡിങ് പ്ലാറ്റ്ഫോം വഴി ഐപിഒ സ്റ്റോക്ക് ട്രേഡിങ് നടത്തുന്നതിനായി പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് വാട്‌സ്ആപ്പ് വഴി ട്രേഡിങ്ങിനുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ചുനൽകി. FIVEPCL03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും അതുവഴി ഐപിഒ സ്റ്റോക്ക് ട്രേഡിങ് നടത്തിക്കുകയും ചെയ്തു. ഇതിലൂടെയാണ് പ്രതികൾ പണം തട്ടിയെടുത്തത്.
ട്രേഡിങ്ങിനായി നിക്ഷേപിച്ച തുകയും അതിൽനിന്നുള്ള ലാഭവും പിൻവലിക്കാൻ ശ്രമിച്ച പരാതിക്കാരനോട് സർവീസ് ചാർജ് ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടർന്ന് പരാതിക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഈ കേസിൽ പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ഹക്കീം (36), തമിഴ്നാട് കൊയമ്പത്തൂർ മരുത നഗർ സ്വദേശി സഞ്ജയ് (26), തമിഴ്നാട് തിരുനെൽവേലി കാരിക്കത്തോപ്പ് സ്വദേശി ഷെയ്ക്ക് മുഹമ്മദ് അലി (29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
പരാതിക്കാരനിൽനിന്ന് തട്ടിയെടുത്ത പണത്തിൽനിന്ന് 21,52,710 രൂപ മുമ്പ് അറസ്റ്റിലായ സഞ്ജയ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ തുക പലതവണകളായി പിൻവലിച്ച് അതിൽനിന്ന് 52,710 രൂപ സഞ്ജയ് കമ്മീഷനായി കൈപ്പറ്റുകയും ബാക്കി 21 ലക്ഷം രൂപ വിക്രത്തിന് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് വിക്രം ഈ തുകയിൽനിന്ന് 20,50,000 രൂപ അറസ്റ്റിലാകാനുള്ള മറ്റൊരു പ്രതിക്ക് കൈമാറുകയും 50,000 രൂപ കമ്മീഷനായി കൈപ്പറ്റുകയും ചെയ്തു. ഈ ഇടപാടുകളിൽ പങ്കാളിയായതിനാണ് വിക്രത്തെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ വിക്രം തമിഴ്‌നാട്ടിലെ കരൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 71,91,599 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ്. കൂടാതെ, ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 13 പരാതികൾ എൻസിആർപി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്.
തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.സി. ബൈജു, സബ് ഇൻസ്പെക്ടർ കെ.വി. ജസ്റ്റിൻ, എഎസ്ഐ മനോജ്, സിപിഒ ശ്രീനാഥ്, ഡ്രൈവർ സിപിഒ അനന്തുമോൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Get more updates from Pudukad News on Google