കേരള ചരിത്രത്തെ മാറ്റിമറിച്ച നേതാവായിരുന്നു കെ.കേളപ്പൻ:രമേശ് ചെന്നിത്തല.

ഗുരുവായൂര്‍: നവോത്ഥാന സമരങ്ങളിലൂടെ കേരള ചരിത്രത്തെ മാറ്റിമറിച്ച നേതാവായിരുന്നു കെ.കേളപ്പനെന്ന് ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ സത്യാഗ്രഹം കേളപ്പന്റെ പൊതുജീവിതത്തിലെ ഉജ്ജ്വല അധ്യായമാണ്.ഗാന്ധിജിയുടെ ആദര്‍ശ ജീവിതത്തില്‍ അകൃഷ്ടനായാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. ഗാന്ധിജിയും കേളപ്പജിയും തമ്മില്‍ വലിയ ബന്ധമായിരുന്നു. ഗാന്ധിജിയുടെ ശിഷ്യനായി അറിയപ്പെടാണ് അദ്ദേഹം ആഗ്രഹിച്ചത്.
അതുകൊണ്ടുതന്നെ ‘കേരള ഗാന്ധി’ എന്ന പേരില്‍ കേളപ്പന് അറിയപ്പെട്ടു.ഗാന്ധിജി ഏറ്റവും കൂടുതല്‍ കത്തിടപാടുകള്‍ നടത്തിയിട്ടുള്ളത് കേളപ്പനുമായാണ്. ഗുരുവായൂര്‍ സത്യഗ്രഹം സമരം നീണ്ടുപോയപ്പോള്‍ കേളപ്പന് ഏറെ ക്ഷീണിനായ വിവരമറിഞ്ഞ് ഗാന്ധിജി അദ്ദേഹത്തിന് ടെലഗ്രാം സന്ദേശമയച്ചു. സമരം അവസാനിപ്പിക്കാന്‍ തയ്യാറായതും ഗാന്ധിജി പറഞ്ഞതുകൊണ്ടായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ ജീവിതാവസാനം വരെ കൊണ്ടുനടക്കുകയും മരണം വരെ കര്‍മ്മനിരതനാകാനും കേളപ്പജിയ്ക്ക് കഴിഞ്ഞു.കെ.പി.സി.സി.പ്രസിഡന്റായിരുന്നപ്പോള്‍ മന്ത്രി പദവികള്‍ ലഭിച്ചിട്ടും അതൊന്നും വേണ്ടെന്നുവെച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു കേളപ്പന് – ചെന്നിത്തല പറഞ്ഞു.
പുരസ്കാര തുകയായ 11,111 രൂപ തന്റെ മണ്ഡലത്തില്‍പ്പെട്ട സബര്‍മതി കേന്ദ്രത്തിലെ ഭിന്നശേഷി കുട്ടികളുടെ സഹായത്തിനായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. ജാതി വിവേചനത്തിനും അയിത്തത്തിനുമെതിരേ സന്ധിയില്ലാ സമരം നയിച്ച ജനനായകനായിരുന്നു കേളപ്പജിയെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ രുക്മിണി റീജന്‍സിയില്‍ നടന്ന പുരസ്കാര ദാന ചടങ്ങില്‍ സത്യഗ്രഹ സ്മാരക സമിതി ചെയര്മാന് മൗനയോഗി സ്വാമി ഹരിനാരായണന് അധ്യക്ഷനായി. കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി.ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്മാന് ടി.വി.ചന്ദ്രമോഹന്,മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ.പ്രകാശന്,ട്രാക്കോ ചെയര്മാന് സി.എച്ച്.റഷീദ്,കെ.പി.സി.സി.ജനറല്‍ സെക്രട്ടറി പി.ടി.അജയ്മോഹന്,തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ്,ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്,തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്,സത്യഗ്രഹ സമിതി കണ്‍വീനര്‍,മറ്റ് ഭാരവാഹികളായ കല്ലൂര്‍ ഉണ്ണികൃഷ്ണന്,ബാലന് വാറണാട്ട്,രവി ചങ്കത്ത്,സജീവന് നമ്പിയത്ത്,സുവര്‍ണ മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു



