പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 37 വർഷം തടവും 2,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാപ്പിനിവട്ടം വില്ലേജ്, താലം റോഡ് ദേശം, കൊറോമ്പറമ്പിൽ വീട്ടിൽ സഹജൻ (62) നെയാണ് കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി അഡീഷണൽ ജില്ലാ ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്.
2023-ൽ പലതവണ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടിയെ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 363, 377, 450 വകുപ്പുകളും പോക്സോ നിയമത്തിലെ 3(a), 4, 5(l), 6, 11(vi), 12 എന്നീ വകുപ്പും ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.
അന്നത്തെ മതിലകം പോലീസ് ഇൻസ്പെക്ടർ കെ. നൗഫൽ കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസിൽ തുടർ അന്വേഷണം നടത്തി ഇൻസ്പെക്ടർ എം.കെ. ഷാജി ആണ് കുറ്റപത്രം സമർപ്പിച്ചത്. മതിലകം എ എസ് ഐ പ്രജീഷ്, ജി എസ് സി പി ഒ ഷനിൽ, സിപിഒ രമ്യ എന്നിരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജൻ കോടതിയിൽ ഹാജരായി.




