Skip to content
November 19, 2026
⌕

കോവിഡ് ക്ളെയിം നിഷേധിച്ചു , ഇൻഷുറൻസ് കമ്പനി 2.6ലക്ഷം നൽകണം

November 19, 2026
Share this post to

തൃശൂർ: സജിവമായ ചികിത്സ ആവശ്യമായിരുന്നില്ല എന്ന് പറഞ്ഞ് കോവിഡ് ചികിത്സയുടെ ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ പറപ്പൂക്കര കുറിഞ്ഞിക്കാട്ടിൽ വീട്ടിൽ ദീപ്തി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്.

ദീപ്തി കൊറോണ രക്ഷക് പോളിസി ചേർന്നിരുന്നു. ദീപ്തിക്ക് കോവിഡ് ബാധിക്കുകയും തൃശൂരിലെ ദയ ആശുപത്രിയിൽ ചികിത്സക്ക് വിധേയയാകേണ്ടി വന്നിട്ടുള്ളതുമാകുന്നു. 2020 ഒക്ടോബർ 13 ന് പ്രവേശിക്കപ്പെട്ട് 2020 ഒക്ടോബർ 23ന് മാത്രമാണ് ദീപ്തി ആശുപത്രി വിട്ടത്. എന്നാൽ ഇൻഷുറൻസ് കമ്പനി ക്ളെയിം നിഷേധിക്കുകയായിരുന്നു. ഹർജിക്കാരിക്ക് സജീവമായ ചികിത്സ ആവശ്യമായിരുന്നില്ലെന്നും, ഐസൊലേഷൻ മാത്രമേ ആവശ്യമായിരുന്നുള്ളൂ എന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം.

ക്ളെയിം ലഭിക്കുവാൻ മൂന്ന് ദിവസം മാത്രം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ മതി എന്നിരിക്കെ പത്തു് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോടതി നിരീക്ഷിച്ചു.ഇൻഷുറൻസ് കമ്പനിയുടെ പ്രവൃത്തി ഹർജിക്കാരിക്ക് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടവും സൃഷ്ടിച്ചുവെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് ഇൻഷുറൻസ് തുക 250000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Get more updates from Pudukad News on Google