loader image
ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടം, അന്വേഷണം ആരംഭിച്ച് പൊലീസ്

ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടം, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: പാളയത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ 50 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കി. ഷോറൂം മാനേജരുടെ പരാതിയില്‍ ടൗണ്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ രണ്ട് യുവാക്കളാണ് പുക കണ്ട് ഉടന്‍തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ ആദ്യം പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഷോറൂമിലെ സ്പ്രിംഗ്ലറുകള്‍ പ്രവര്‍ത്തിച്ചെങ്കിലും തുണിത്തരങ്ങളിലേക്ക് തീ വേഗത്തില്‍ പടര്‍ന്നതിനാല്‍ രണ്ടും മൂന്നും നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ അലാറം മുഴങ്ങിയതിനാല്‍ 156 ജീവനക്കാരും ഷോറൂമിലുണ്ടായിരുന്ന മുന്നൂറോളം ഉപഭോക്താക്കളും സുരക്ഷിതമായി പുറത്തിറങ്ങി. പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രണ്ട് വനിതാ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു; തൊഴിലാളികളുടെ ജോലിസമയത്തിൽ മാറ്റം

തീ നിയന്ത്രിക്കാനായി കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ക്ക് പുറമെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് യൂണിറ്റും എത്തിയിരുന്നു. കനത്ത ചൂടും പുകയും കാരണം അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആദ്യം കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രയാസപ്പെട്ടു. ചില്ലുകള്‍ പൊട്ടിത്തെറിച്ചതും ആശങ്ക പടര്‍ത്തി. എട്ട് മണിയോടെയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

See also  യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈൽ അൻസാരി അറസ്റ്റിൽ

ജില്ലാ ഫയര്‍ ഓഫീസര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ക്ക് കൈമാറും. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. നഗരമധ്യത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും ആര്‍.ആര്‍.ടികളെ കൂടുതല്‍ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The post ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; 50 കോടിയുടെ നഷ്ടം, അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Express Kerala.

Spread the love

New Report

Close