
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ കടുത്ത പെട്രോൾ, ഡീസൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും ഈ വെല്ലുവിളി നേരിടാൻ രാജ്യത്തെ 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മൻ കി ബാത്തിലൂടെ’ ആണ് അദ്ദേഹം പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചത്. അയൽപക്കത്ത് തുടരുന്ന ഘോരമായ യുദ്ധം ഊർജ്ജ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച നൈപുണ്യവും ആഗോള ബന്ധങ്ങളും ഉപയോഗിച്ച് ഇന്ത്യ ഈ പ്രതിസന്ധിയെ ദൃഢനിശ്ചയത്തോടെ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28-ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകത്തെ ഇന്ധന വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ വന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എൽപിജി ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ പശ്ചിമേഷ്യൻ മേഖലയിൽ കഴിയുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയ ഗൾഫ് രാജ്യങ്ങളോട് പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധസാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജവാർത്തകളിലും കിംവദന്തികളിലും ജനങ്ങൾ വീഴരുതെന്ന് പ്രധാനമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന പ്രസ്താവനകളെ അവഗണിക്കണമെന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് ജാഗ്രത കൈവിടാതെ ഒരേ മനസ്സോടെ മുന്നോട്ട് പോകണമെന്നാണ് പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തത്.
The post ആഗോള ഇന്ധനപ്രതിസന്ധി! ഒറ്റക്കെട്ടായി നിൽക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി appeared first on Express Kerala.




