കോഴിക്കോട് ജില്ലയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ മൂന്ന് കിലോയോളം എംഡിഎംഎയുമായി യുവാവിനെയും സഹായിയായ യുവതിയെയും പൊലീസ് പിടികൂടി. മുക്കം നീലേശ്വരം സ്വദേശി പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായിയെന്ന് കരുതുന്ന ഒരു സ്ത്രീയെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് 500 ഗ്രാം ലഹരിമരുന്നുമായി ഹനീഫയെ പിടികൂടിയതാണ് വൻ വേട്ടയിലേക്ക് വഴിതുറന്നത്.
കേരളത്തിലെ ലഹരിമരുന്ന് മൊത്തവിതരണക്കാരിലെ പ്രധാനിയായ ഹനീഫയെ കോഴിക്കോട് റൂറൽ എസ്പി ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാൾ വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു.
Also Read: മകന്റെ രോഗം മാറാൻ 13 കാരിയെ ബലി നൽകി; മാതാവും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
പിടികൂടിയ ഹനീഫയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കൂടുതൽ ശേഖരമുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ചു വെച്ച 2.300 കിലോഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ഈ വീട്ടിൽ വെച്ചാണ് ഇയാളുടെ സഹായിയായ യുവതിയെയും സംഘം കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
The post ഡൽഹിയിൽ നിന്ന് ലഹരിയുമായി എത്തി; കോഴിക്കോട് 2.8 കിലോ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ appeared first on Express Kerala.




