"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആറുവരി ദേശീയപാതയിലൂടെ ഇനി കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് മാത്രം അനുമതി. സ്വകാര്യ ബസുകൾ സർവീസ് റോഡിലൂടെ പോകണം. സാധാരണ ബസുകൾ ഹൈവേയിൽ കയറിയാൽ പെർമിറ്റ് റദ്ദാക്കും. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് തെറിക്കും. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് നടത്തുന്നതിനെതിരെ കർശന നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് നിർമ്മാണം അതിവേഗം പൂർത്തിയായിവരുന്ന ആറുവരി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി.

പുതിയ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾക്ക് മാത്രമാണ് ആറുവരി പ്രധാന പാതയിലൂടെ നേരിട്ട് സഞ്ചരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ഉൾപ്പെടെയുള്ള മറ്റ് ലോക്കൽ സർവീസുകളും സർവീസ് റോഡുകൾ വഴി മാത്രമേ സർവീസ് നടത്താവൂ. ഹൈവേയിലെ സുഗമമായ ഗതാഗതവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പുവരുത്താനാണ് ഈ സുപ്രധാന തീരുമാനം.

ഹൈവേകളിലെ അതിവേഗത നിലനിർത്തുന്നതിനും ലോക്കൽ യാത്രക്കാരുമായി പോകുന്ന ബസുകൾ റോഡിൽ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ക്രമീകരണം ഏർപ്പെടുത്തിയത്.

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സിയുടെ സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, മിന്നൽ, ഡീലക്സ് തുടങ്ങിയ സർവീസുകൾക്ക് ആറുവരിപ്പാത പൂർണ്ണമായും ഉപയോഗിക്കാം.

നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി സാധാരണ റൂട്ട് ബസുകൾ ആറുവരിപ്പാതയിലേക്ക് കയറിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം കർശന മുന്നറിയിപ്പ് നൽകി:

നിയമം ലംഘിച്ച് ഹൈവേയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് ഉടനടി റദ്ദാക്കും.

നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യും.

ആറുവരിപ്പാതയിൽ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടാൻ അനുമതിയില്ലെന്നും ഹൈവേയിൽ ഒരിടത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആറുവരി ദേശീയപാതയിൽ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീർഘദൂര സർവീസുകൾക്ക് ഇളവ് നൽകി നിയമത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്.

സാധാരണ സ്റ്റേജ് ക്യാരേജ് ബസുകൾ ആറുവരിപ്പാതയിലൂടെ പായുകയും, പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെ സർവീസ് റോഡിലിറക്കാതെ ഹൈവേയുടെ നടുവിലിറക്കി വിടുകയും ചെയ്യുന്നത് പതിവായിരുന്നു.

 ഇത്തരത്തിൽ ഇറക്കിവിടുമ്പോൾ ഹൈവേയിൽനിന്ന് പുറത്തുകടക്കാൻ ആളുകൾ കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടക്കേണ്ടി വരുന്നതായി കാട്ടി വ്യാപക പരാതികളാണ് ഉയർന്നത്.

സർവീസ് റോഡ് പൂർണ്ണമായി ഒഴിവാക്കി പ്രധാന ഹൈവേയിലൂടെ മാത്രം ബസുകൾ ചീറിപ്പായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

കൂടാതെ, ആറുവരിപ്പാതയിൽ ആളുകളെ കയറ്റാനും ഇറക്കാനുമായി പെട്ടെന്ന് സഡൻ ബ്രേക്കിട്ട് നിർത്തുന്നതും റിവേഴ്‌സ് എടുക്കുന്നതും വൻ വാഹനാപകടങ്ങൾക്ക് കാരണമാകുന്നതും ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.

 

Get more updates from Pudukad News on Google