"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘എന്ത് മാനദണ്ഡത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയത്?’; സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം | V Joy District Secretary Controversy

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

v joy

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ പൊതുചർച്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കിയതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനങ്ങളിലൊന്ന് ഉയർന്നത്. ജനപ്രതിനിധിയായ ഒരാളെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തൃശ്ശൂരിൽ നിന്നുള്ള പ്രതിനിധി ചോദ്യം ചെയ്തതായി റിപ്പോർട്ട്. (V Joy District Secretary Controversy)

മറ്റിടങ്ങളിൽ ജനപ്രതിനിധികളായവർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നില്ലെന്നിരിക്കെ തിരുവനന്തപുരത്ത് മാത്രം എന്താണ് ഇളവെന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. പാർട്ടിയെ നയിക്കാൻ തിരുവനന്തപുരത്ത് മറ്റാരുമില്ലേയെന്നും വിമർശനം ഉയർന്നു. എംഎൽഎയായ വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയത് പാർട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു യോഗത്തിലെ വിമർശനം. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളുമായി ബന്ധപ്പെട്ടും ചർച്ചയിൽ വിമർശനമുയർന്നു. രണ്ട് മണ്ഡലങ്ങളിലെയും തോൽവിയെ പാർട്ടി ഒരേ രീതിയിൽ വിലയിരുത്തിയിരുന്നെങ്കിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്ന തിരുത്തൽ രേഖയിൽ തളിപ്പറമ്പിലെ തോൽവി ഉൾപ്പെടുത്തിയിട്ടില്ലെന്നും പയ്യന്നൂരിലെ തോൽവി മാത്രമാണ് പരാമർശിച്ചിരിക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇരു മണ്ഡലങ്ങളിലെയും തോൽവിയിൽ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സംസ്ഥാന, കേന്ദ്ര കമ്മിറ്റികളുടെ റിപ്പോർട്ടുകളിൽ നേരത്തെ കണ്ടെത്തിയിരുന്നു.

തളിപ്പറമ്പിലെ സ്ഥാനാർഥി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയായിരുന്നു. ഈ സാഹചര്യത്തിൽ നേതൃത്വത്തിന്റെ സമീപനത്തെയും പ്രതിനിധികൾ ചോദ്യം ചെയ്തു. സിപിഐഎം നേരിട്ട ബിജെപി ഡീൽ ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്നും വിവിധ സാമുദായിക സംഘടനകളോടുള്ള പാർട്ടി സമീപനത്തിൽ വ്യക്തതയുണ്ടായില്ലെന്നും വിമർശനമുയർന്നു.

കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ഗൗരവം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ തിരുത്തൽ രേഖയിൽ പ്രതിഫലിക്കുന്നില്ലെന്നായിരുന്നു മറ്റൊരു പ്രധാന വിമർശനം. പാർട്ടിക്ക് സംഭവിച്ച പിഴവുകൾ കേന്ദ്ര കമ്മിറ്റി വിശദമായി ചൂണ്ടിക്കാട്ടിയിട്ടും അതിന് അനുസരിച്ചുള്ള സ്വയംവിമർശനം രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട് ദുർബലമാണെന്നും പിഴവുകൾ കൃത്യമായി രേഖപ്പെടുത്തി തിരുത്താനുള്ള സമീപനം ഉണ്ടാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നതായാണ് വിവരം.

Summary: CPI(M) representatives reportedly raised sharp criticism against the state leadership during the party’s extended state committee discussion. Questions were raised over V Joy’s appointment as Thiruvananthapuram district secretary, election defeats and the shortcomings of the state leadership’s correction document.

Get more updates from Pudukad News on Google