"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹൈറിച്ച് കള്ളപ്പണ കേസ്; കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി | HighRich Money Laundering Case

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

HighRich Money Laundering Case

കൊച്ചി: ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസിൽ പ്രധാന പ്രതി കെ.ഡി. പ്രതാപന് എറണാകുളം പിഎംഎൽഎ പ്രത്യേക കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി (HighRich Money Laundering Case). എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ജാമ്യം അനുവദിച്ചപ്പോൾ പിഎംഎൽഎ നിയമത്തിലെ 45-ാം വകുപ്പ് പ്രകാരമുള്ള നിർബന്ധ വ്യവസ്ഥകൾ പ്രത്യേക കോടതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ടോ എന്നതും ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെടില്ലെന്ന് ഉറപ്പാക്കാനാകുമോ എന്നതും കോടതി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ രണ്ട് പ്രധാന വ്യവസ്ഥകളും പരിശോധിക്കാതെയാണ് പ്രത്യേക കോടതി പ്രതാപന് ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 16 മാസമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതാപൻ ജാമ്യത്തിനായി പിഎംഎൽഎ കോടതിയെ സമീപിച്ചത്. ഇതു പരിഗണിച്ചാണ് കഴിഞ്ഞ വർഷം നവംബർ മൂന്നിന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

പ്രതാപന് ജാമ്യം അനുവദിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ ഇഡിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1,651 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സ്ഥാപന ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരടക്കം 37 പേരെയാണ് കേസിൽ പ്രതികളാക്കിയത്. തുടർന്ന് പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.

2024 ജൂലൈയിലാണ് പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തത്. ഹൈറിച്ച് സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നതിനെ തുടർന്ന് ആദ്യം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഇഡി കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Story Summary:
The Kerala High Court has cancelled the bail granted to HiRich founder K.D. Prathapan in a money laundering case. The court observed that the PMLA Special Court had not properly considered the mandatory conditions under Section 45 while granting bail.

Get more updates from Pudukad News on Google