ഡൽഹി കലാപക്കേസ് പ്രതി ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം ബെംഗളൂരു ലോ കോളേജിൽ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി: കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി വിദ്യാർത്ഥി സംഘടന; ഉന്നത നിയമ പഠന കേന്ദ്രത്തിന്റെ നടപടിക്കെതിരെ അന്വേഷണം വേണമെന്നും ദേശീയ സുരക്ഷയെ തളർത്തുന്ന പ്രചാരണങ്ങൾക്ക് സർവകലാശാലകളെ വേദിയാക്കരുതെന്നും ആവശ്യം
Current: മലയാളം

ബെംഗളൂരു: ഡല്‍ഹി കലാപക്കേസില്‍ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബെംഗളൂരു നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ സ്ഥിരമായി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി എ.ബി.വി.പി.
സംഭവം സംബന്ധിച്ച് സര്‍വകലാശാല ഭരണസമിതിക്കെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആര്.എസ്.എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി, നിയമമന്ത്രി അര്ജുന് റാം മേഘ്വാള് എന്നിവര്‍ക്ക് നിവേദനം നല്കി.
ലളിത് വച്ചാനി സംവിധാനം ചെയ്ത ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സുരക്ഷാ കാരണങ്ങളാല്‍ സംഘാടകര്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരുന്നുവെങ്കിലും ഇത് താല്‍ക്കാലിക തന്ത്രം മാത്രമാണെന്ന് എ.ബി.വി.പി ആരോപിച്ചു.
ദേശവിരുദ്ധ മുദ്രാവാക്യങ്ങളുമായും കലാപങ്ങളുമായും ബന്ധമുള്ള വ്യക്തികളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വേദിയാക്കാന്‍ അനുവദിക്കരുതെന്നും അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സംഘടന നിവേദനത്തില്‍ ആവശ്യപ്പെട്ടു.




