‘25ാം വയസിൽ അച്ഛൻ പറഞ്ഞു, ഒന്നുകിൽ വിവാഹം അല്ലെങ്കിൽ വീട് വാങ്ങണം’; ആദ്യ വീട് വാങ്ങി, പിന്നെ വിവാഹത്തെക്കുറിച്ച് വീട്ടുകാർ ചോദിച്ചിട്ടില്ലെന്ന് പാർവതി | Parvathy marriage views
Current: മലയാളം

കൊച്ചി: വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടുകളും മാതാപിതാക്കളുമായുള്ള പഴയ സംഭാഷണവും തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. 25ാം വയസിൽ വിവാഹത്തെക്കുറിച്ച് അച്ഛൻ സംസാരിച്ചപ്പോൾ, പകരം വീട് വാങ്ങാനാണ് താൻ തീരുമാനിച്ചതെന്ന് പാർവതി പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. (Parvathy marriage views)
25 വയസായ സമയത്ത് ഒന്നുകിൽ വിവാഹം ഗൗരവമായി ആലോചിക്കണമെന്നും അല്ലെങ്കിൽ വീട് വാങ്ങണമെന്നും അച്ഛൻ പറഞ്ഞതായി പാർവതി പറഞ്ഞു. വീട് വാങ്ങാനുള്ള രേഖകൾ നൽകിയാൽ ഒപ്പിടാമെന്നായിരുന്നു അന്ന് തന്റെ മറുപടി. അങ്ങനെയാണ് ആദ്യമായി വീട് വാങ്ങിയതെന്നും അതിനുശേഷം അച്ഛനും അമ്മയും വിവാഹത്തെക്കുറിച്ച് തന്നോട് സംസാരിച്ചിട്ടില്ലെന്നും പാർവതി വ്യക്തമാക്കി. ഒരാളോടൊപ്പം ജീവിതം പങ്കിടണമെന്നുള്ളിൽനിന്നുള്ള ആഗ്രഹം ഉണ്ടാകുമ്പോഴാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും പാർവതി പറഞ്ഞു. ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും വിവാഹ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും, എന്നാൽ അവയെല്ലാം നല്ല പ്രണയങ്ങളായിരുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഒരു പ്രത്യേക പ്രായത്തിൽ സ്ത്രീ വിവാഹം കഴിക്കണമെന്ന സമൂഹത്തിന്റെ പൊതുധാരണയെയും പാർവതി വിമർശിച്ചു. സ്ത്രീയുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കുടുംബം എടുക്കാവൂ എന്നാണ് തന്റെ നിലപാടെന്നും, ഇക്കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്നും പാർവതി പറഞ്ഞു.
അതേസമയം, പാർവതി പ്രധാന വേഷത്തിലെത്തിയ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Summary: Parvathy Thiruvothu recalled how her father, when she was 25, told her to seriously consider marriage or buy a house. She chose to buy her first house and said her parents have not brought up marriage with her since then.




