"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. പിടിയിലായത് കൊടുംകുറ്റവാളികൾ. പ്രതികളിൽനിന്ന് സർജിക്കൽ ബ്ലേഡും ആഭരണങ്ങളും പിടിച്ചെടുത്തു. സി.സി.ടി.വി കേന്ദ്രീകരിച്ച് നൂറോളം പേരെ ചോദ്യംചെയ്ത് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണം വഴിത്തിരിവായി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കോടനാട് സ്വദേശിയായ പ്രവാസിയെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. 

മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

കഴിഞ്ഞ സെപ്റ്റംബർ 13-ന് പുലർച്ചെ 3:30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പുലർച്ചെ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയ പ്രവാസിയെ തടഞ്ഞുനിർത്തി ആക്രമിച്ച പ്രതികൾ ഇയാളുടെ പക്കലുണ്ടായിരുന്ന പണവും സ്വർണ്ണമാലയും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നത് തുടക്കത്തിൽ അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച മൂന്ന് പ്രത്യേക സ്ക്വാഡുകൾ നടത്തിയ ശാസ്ത്രീയ നീക്കമാണ് പ്രതികളെ വലയിലാക്കിയത്. 

റെയിൽവേ സ്റ്റേഷൻ പരിസരത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ്, ഈ മേഖലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാമൂഹിക വിരുദ്ധരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. 

രാത്രികാല ഓട്ടോറിക്ഷാ ഡ്രൈവർമാർ, വഴിയോര കച്ചവടക്കാർ ഉൾപ്പെടെ നൂറിലധികം ആളുകളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ പോലീസിന് ലഭിച്ചത്.

കവർച്ചയ്ക്ക് ശേഷം ഒന്നാം പ്രതിയായ സനൽ കർണാടകയിലെ കൊല്ലൂരിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പിടികൂടാൻ ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് തിരിച്ചെങ്കിലും, പോലീസ് ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ തന്റെ മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച ശേഷം പ്രതി പെരുമ്പാവൂർ മേഖലയിലേക്ക് കടക്കുകയായിരുന്നു. 

എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാവൂരിൽ മിന്നൽ പരിശോധന നടത്തി സനലിനെ വളഞ്ഞുപിടികൂടി. പ്രതിയുടെ പക്കൽനിന്ന് അതിമാരകമായ സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പ്രതികളെയും കുടുക്കിയത്. പ്രവാസിയിൽ നിന്ന് കവർന്ന സ്വർണ നിറത്തിലുള്ള മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ ആലുവ എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽ വെച്ചും, രണ്ടാം പ്രതിയായ സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് സാഹസികമായി പിടികൂടിയത്. 

ജോബിയുടെ കൈവശത്തുനിന്ന് കവർച്ച ചെയ്യപ്പെട്ട മാലയും പോലീസ് വീണ്ടെടുത്തു. പിടിയിലായ ഒന്നും രണ്ടും പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പ്രദേശത്തെ ചില ട്രാൻസ്‌ജെൻഡറുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. 

ഡിവൈ.എസ്.പി. ബൈജു പൗലോസ്, സി.ഐ. പി.എം. ഷമീർ, എസ്.ഐ.മാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Get more updates from Pudukad News on Google