സമൂഹത്തെ സന്മാർഗത്തിലേക്ക് വഴികാട്ടിയ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അനുസ്മരണ സംഗമം ആത്മീയാനുഭൂതി പകർന്നു
Current: മലയാളം

മണ്ണാർക്കാട്: ഏകദൈവ വിശ്വാസത്തിന്റ മന്ത്രമോതി മനുഷ്യരുടെ അകം പ്രകാശമയമാക്കിയ വിശ്വപ്രസിദ്ധ സൂഫീവര്യൻ മുഹ് യുദ്ധീൻ ശൈഖ് ജീലാനി സച്ചരിതരായ ഔലിയാക്കളുടെ നേതാവാണെന്ന് ഉസ്താദ് മുഹമ്മദ് ഖാസിം കോയ അനുസ്മരിച്ചു.
സമൂഹത്തിൽ ഇസ്ലാമിക ബോധം നിർജീവമാകുകയും ആത്മീയത അസ്തമിക്കുകയും ചെയ്ത ഘട്ടത്തിൽ മുഴുവൻ മനുഷ്യരേയും പടച്ചവന്റെ വിധിവിലക്കുകളിലേക്കും വിശ്വാസ സംഹിതയിലേക്കും ക്ഷണിച്ച മുഹ്‌യുദ്ധീൻ ശൈഖ് ലോകാവസാനം വരെയുള്ള സത്യവിശ്വാസികൾക്ക് മാതൃകയും ആവേശവുമാണെന്നും അദ്ദേഹം തുടർന്നു.
മണ്ണാർക്കാട് കഴുതച്ചിറ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഖുതുബുൽ അഅളം സുൽത്വാനുൽ ഔലിയാ ഷെയ്ഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി തങ്ങൾ അവർകളുടെ ഖുതുബിയ്യത് മജ്‌ലിസിന്റെ വാർഷിക ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പൊന്നാനി.
വിലപ്പെട്ട ജീവിതത്തിലെ ഒരു നിമിഷം പോലും അനാവശ്യമായി പാഴാക്കാതെ ആരാധനാനുഷ്ഠാനങ്ങളിലും വിജ്ഞാനത്തിന്റെയും പ്രബോധനത്തിന്റെയും മേഖലകളിലും മുഴുകിയ മഹാനിലൂടെ ലോകം മുഴുവൻ തൗഹീദിന്റെ ശോഭ പടർന്നു.
ദേശദേശാന്തരങ്ങളിൽ ആ സാരോപദേശങ്ങൾ അലയടിച്ചു. അവിടുത്തെ പ്രഭാഷണം ശ്രവിക്കാൻ മനുഷ്യർ ഒഴുകിയെത്തി. സത്യമാർഗത്തിന്റെ വെളിച്ചം ജനഹൃദയങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു. ഇതെല്ലാം ചരിത്രമാണെന്നും ഖാസിം കോയ ചൂണ്ടിക്കാട്ടി.
മുഹ്‌യുദ്ധീൻ ശൈഖിന്റെ പരിശ്രമങ്ങളുടെ ഫലമായി വിശ്വാസികൾ ആത്മീയതയുടെ പ്രഭാവലയത്തിൽ മുഴുകി. ബാഗ്ദാദിൽ നിന്ന് ലോകം മുഴുവൻ ആ സന്ദേശം പ്രചരിച്ചു. നാല് മദ്ഹബുകളിലെയും മഹാപണ്ഡിതൻമാരൊക്കെയും ആത്മീയസായൂജ്യമടയാൻ മുഹ്‌യുദ്ധീൻ ശൈഖിനെ തേടിയെത്തി.
“എന്റെ മുരീദാരും നരകത്തിൽ ഇല്ലെന്ന് നരകം കാക്കും മലക്ക് പറഞ്ഞോവർ ” എന്ന
മുഹ്‌യുദ്ധീൻ കീർത്തനകാവ്യത്തിലെ വരികൾ അർത്ഥമാക്കുന്നത് അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ പിൻപറ്റിയ ഒരാളും ഒരിക്കലും പിഴച്ചു പോവില്ല എന്ന സാഹിത്യ രൂപേണയുള്ള ഉറപ്പാണ്.
മനുഷ്യരുടെ ഹൃദങ്ങൾ സ്ഫുടം ചെയ്തെടുത്ത് സ്വർഗാവകാശികൾ ആക്കുകയെന്നതായിരുന്നു മുഹ്‌യുദ്ധീൻ ശൈഖിന്റെ ജീവിത ദൗത്യം. അതിലദ്ദേഹം വിജയിച്ചതായാണ് ചരിത്രം.
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ സൂഫി വര്യനും, പണ്ഡിതനും, ആത്മീയ ഗുരുവുമാണ്.
സൂഫിസത്തിലെ ഏറ്റവും വലിയ ധാരകളിലൊന്നായ ഖാദിരിയ്യ ത്വരീഖത്തിന്റെ സ്ഥാപകനായ ഇദ്ദേഹം ‘മുഹ്‌യുദ്ദീൻ’ (മതത്തെ പുനരുജ്ജീവിപ്പിച്ചവൻ), ‘സുൽത്വാനുൽ ഔലിയാ’ (ആത്മീയ ജ്ഞാനികളുടെ രാജാവ്) എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.
മഹല്ല് ഖത്വീബ് യൂനുസ് സഖാഫി, മഹല്ല് പ്രസിഡന്റ് ജുനൈസ്, സെക്രട്ടറി സഹറത്ത് അലി, സിറാജ്ജുദ്ധീൻ അൽ ഹസനി, ഹുസൈൻ വി പി, എൻ അഷ്‌റഫ്, ഷിഹാബിദ്ധീൻ അഹ്സനി എന്നിവർ സംബന്ധിച്ചു.
ഭൗതികതയുടെ പിന്നാലെ പായുന്ന ആധുനിക സമൂഹത്തിന് സമാധാനവും ആത്മീയ ശാന്തിയും കണ്ടെത്താൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ (റ) അധ്യാപനങ്ങൾ വഴികാട്ടിയാണ്. അടിച്ചമർത്തപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ച ആ മഹാത്മാവിന്റെ മാതൃക പിൻപറ്റാൻ ഏവരും തയ്യാറാകണമെന്ന് ചടങ്ങ് അനുസ്‌മരിപ്പിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറുകണക്കിന് വിശ്വാസികൾ സംഗമത്തിൽ സംബന്ധിച്ചു. ഖുർആൻ പാരായണവും മൗലിദ് സദസ്സും ദിക്ർ ഹൽഖയും പരിപാടിക്ക് കൂടുതൽ ആത്മീയ ചൈതന്യം പകർന്നു.
തിരുനബി(സ)യുടെ ചര്യകൾ ജീവിതത്തിൽ പകർത്താനും പരലോക വിജയം ലക്ഷ്യമാക്കി ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനയോടെയാണ് പരിപാടികൾ സമാപിച്ചത്.




