ആലുവയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ | Aluva Crime
Current: മലയാളം

ആലുവ: ട്രെയിൻ യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും സ്വർണമാലയും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ (Aluva Crime). പെരുമ്പാവൂർ സ്വദേശി സനൽ ചന്ദ്രൻ (25), സജാദ്, ജോബി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കോടനാട് കുറുച്ചിലക്കോട് മനയംപിള്ളി വീട്ടിൽ ജോഫിൻ ജിജുവിനെയാണ് (28) സംഘം ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോകുന്നതിനായി ആലുവ ബൈപ്പാസിലെത്തിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം യുവാവിനെ ആക്രമിച്ചത്.
ആദ്യം തലയ്ക്ക് കല്ലെറിഞ്ഞ് ജോഫിനെ വീഴ്ത്തുകയായിരുന്നു. തുടർന്ന് കരിങ്കല്ലുകൊണ്ട് വാരിയെല്ലിൽ ഇടിക്കുകയും സമീപത്തെ മാലിന്യം നിറഞ്ഞ കാനയിലേക്ക് ചവിട്ടിയിടുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ജോഫിന്റെ മൂന്ന് പവന്റെ മാലയും പഴ്‌സിലുണ്ടായിരുന്ന 1,000 രൂപയും സംഘം കവർന്നതായും പരാതിയിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ ജോഫിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് കയറിയ നിലയിലായിരുന്നു. കൈ, താടി, തല എന്നിവിടങ്ങളിലും പരിക്കേറ്റിട്ടുണ്ട്. നിലവിലെ ആരോഗ്യസ്ഥിതിയിൽ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായാണ് വിവരം.
ജോഫിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
Story Summary:
Three people have been arrested in connection with an alleged robbery and assault of a 28-year-old man in Aluva. The victim suffered serious injuries, including multiple fractured ribs that reportedly affected his lung, and was admitted to a medical college hospital.




