“നോർക്ക കെയർ പ്ലസ് ഇൻഷൂറൻസ് സമയ പരിധി നീട്ടണം” : ജിദ്ദ കെ എം സി സി; മുഖ്യമന്ത്രിക്ക് കത്ത് നൽകി
Current: മലയാളം

ജിദാ: പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ കഴിഞ്ഞ ഓഗസ്റ്റ് 18ന് ആരംഭിച്ച നോർക്ക കെയർപ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി സെപ്റ്റംബർ പതിനെട്ടിൽൽ നിന്ന് ഒരു മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സംസ്ഥാന മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളിലൊന്നാണ് നോർക്ക കെയർ പ്ലസ്.
സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സാ ചെലവുകൾ നേരിടുന്നതിനും അപ്രതീക്ഷിതമായ ആരോഗ്യപ്രശ്നങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി വലിയ സഹായമാണ്.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ വലിയൊരു വിഭാഗം പരിമിതമായ വരുമാനത്തിൽ കഴിയുന്നവരാണ്. ഉയർന്നുവരുന്ന ചികിത്സാ ചെലവുകളും ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകതയും കണക്കിലെടുത്ത് നോർക്ക കെയർ പ്ലസ് പോലുള്ള പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതും പരമാവധി പ്രവാസികളിലേക്ക് എത്തിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ നിരവധി
പ്രവാസികൾക്ക് ഇതിന്റെ തുടർച്ചയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാൽ നിലവിലുള്ള ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് പദ്ധതി പുതുക്കുകയും കൂടുതൽ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പരിരക്ഷ വിപുലീകരിക്കുകയും ചെയ്യണമെന്ന് ജിദ്ദ കെഎംസിസി സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജിദ്ദ കെ എം സി സി ഓഫീസിലെ ഹെൽപ് ഡസ്‌കിലെത്തിയ നൂറ് കണക്കിന് പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ സംഘടനാ അവസരം ഉണ്ടാക്കി കൊടുത്തിട്ടുണ്ട് എന്നാൽ ഇനിയും ചേരാൻ താല്പര്യമുള്ള ആയിരക്കണക്കിന് പേർ ബാക്കിയുണ്ടെന്ന് ജിദ്ദ പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്രയും ജനറൽ സെകട്ടറി വി.പി മുസ്‌തഫയും പ്രസ്ഥാവനയിൽ പറഞ്ഞു.




