പാലക്കാട് ജില്ലയിൽ എച്ച്1എൻ1 ജാഗ്രതാ നിർദേശം; കടുത്ത പനി, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്, ഗർഭിണികൾ, കിടപ്പുരോഗികൾ, ഗുരുതര രോഗബാധിതർ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ
Current: മലയാളം

പാലക്കാട്: ഇൻഫ്ലുവൻസ എ വൈറസ് മൂലം വായുവിലൂടെ അതിവേഗം പടരുന്ന ശ്വാസകോശ രോഗമായ എച്ച് വൺ എൻ വൺ പ്രതിരോധിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
കടുത്ത പനി, വിറയൽ, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരായ ആളുകൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മുഖേനയോ അവർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ച ശേഷം സ്വന്തം കണ്ണിലോ മൂക്കിലോ തൊടുമ്പോഴോ ആണ് രോഗം പടരുന്നത്.
സാധാരണ ഗതിയിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് രോഗം ഭേദമാകാറുണ്ടെങ്കിലും ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ഉണ്ടായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം.
കിടപ്പുരോഗികൾ, മറ്റു ഗുരുതര രോഗബാധിതർ, ഗർഭിണികൾ, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കിടയിൽ പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
മേൽപറഞ്ഞവർ വീട്ടിലുണ്ടെങ്കിൽ ലക്ഷണങ്ങളുള്ള മറ്റു കുടുംബാംഗങ്ങൾ ഇവരുമായി അടുത്തിടപഴകുന്നത് നിർബന്ധമായും ഒഴിവാക്കണം. ഗർഭാവസ്ഥയിൽ സ്ത്രീകളുടെ പ്രതിരോധശേഷി കുറയുന്നതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്.
ഗർഭിണികളിൽ ഈ പനി പെട്ടെന്ന് ന്യൂമോണിയ പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളിലേക്ക് മാറാനും ഇത് ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.




