തൊടുപുഴ മുൻ നഗരസഭാ അധ്യക്ഷൻ സനീഷ് ജോർജ് രാസലഹരിയുമായി പിടിയിൽ. ഉപയോഗിച്ചത് എം.ഡി.എം.എ. കേസ് ലഹരി ഉപയോഗിച്ചത് എന്നാക്കി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ലഹരി കടത്തുകാരനുമായി സനീഷ് ജോർജിന് അടുത്ത ബന്ധമുണ്ടെന്നും ആക്ഷേപം. പിടിയിലായത് സിപിഎം പിന്തുണയോടെ നഗരസഭാ ചെയർമാനായ നേതാവ്
Current: മലയാളം

തൊടുപുഴ: രാസലഹരി ഉപയോഗി ക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജിനെ പോലീസ് പിടികൂടി.
ലഹരിവിരുദ്ധ സ്ക്വാഡിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ ഇന്നലെ രാത്രി പെരുമണ്ണത്ത് വച്ചാണ് എംഡിഎംഎയുമായി സനീഷ് പിടിയിലാകുന്നത്.
നാലര വർഷത്തോളം തൊടുപുഴ നഗരസഭയുടെ അധ്യക്ഷനായും കൗൺസിലറായും പ്രവർത്തിച്ച ജനപ്രതിനിധിയിൽ നിന്ന് ഉണ്ടായ ഈ ഗുരുതര വീഴ്ച ജനത്തെ ഞെട്ടിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് പിന്തുണയോടെ തൊടുപുഴ നഗരസഭാ ചെയർമാനായി അധികാരമേറ്റ സനീഷ് ജോർജ്, ലക്ഷങ്ങളുടെ അഴിമതി ആരോപണങ്ങളെയും തുടർ വിവാദങ്ങളെയും തുടർന്ന് 2024 ജൂലൈയിലാണ് അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സ്ഥാനം ഒഴിഞ്ഞത്.
കസ്റ്റഡിയിലെടുത്ത ഇയാളെ നിലവിൽ കാളിയാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാൽ, കേവലം ‘ലഹരി ഉപയോഗിച്ചു’ എന്ന് മാത്രം രേഖപ്പെടുത്തി കേസിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാനും ഒതുക്കിത്തീർക്കാനും നീക്കം നടക്കുന്നതായി ആരോപണമുണ്ട്.
മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ലഹരി കടത്തുകാരനുമായി സനീഷ് ജോർജിന് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇയാൾ സ്ഥിരമായി രാസലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.




