മെസിയെ അല്ല, വിദേശ മദ്യമാണ് കൊണ്ടുവരാമെന്നു പറഞ്ഞത്, അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന് പാടുണ്ടോ ? ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ പരിഹാസവുമായി നടൻ ജോയ് മാത്യു. ആന്റോ അറസ്റ്റിന് വഴങ്ങിയത് എഫ്.ഐ.ആർ രേഖകളുടെ പകർപ്പ് കൈമാറിയ ശേഷം. അബ്കാരി കേസിലും കുരുങ്ങിയതോടെ നിയമനടപടികൾ കൂടുതൽ കർശനം
Current: മലയാളം

കൊച്ചി: വീട്ടിൽ അനധികൃതമായി വൻതോതിൽ വിദേശമദ്യവും വൈനും സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.
വിദേശ താരത്തെയല്ല മറിച്ച് താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്ന് പറഞ്ഞതെന്നും അതിന് ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോയെന്നും ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു.
ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴവറ്റയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മിന്നൽ റെയ്ഡ് നടത്തുന്നതിനിടെയാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
നിയമപ്രകാരം ഒരാൾക്ക് കൈവശം വെക്കാവുന്ന അളവിലും വളരെക്കൂടുതലായ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനുമാണ് പരിശോധനയ്ക്കിടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. റെയ്ഡ് സംഘം വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്ഥലത്തെത്തിയ എക്സൈസ് സംഘം മദ്യശേഖരം പൂർണ്ണമായി കസ്റ്റഡിയിലെടുത്തു.
തുടർന്ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ എക്സൈസ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും എഫ്.ഐ.ആർ പകർപ്പ് ലഭിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ഇയാൾ വാശിപിടിച്ചു. ഒടുവിൽ രേഖകളുടെ പകർപ്പ് കൈമാറിയ ശേഷമാണ് ഇയാൾ ഉദ്യോഗസ്ഥരുമായി സഹകരിച്ചത്.
വീട്ടിൽ ഇത്രയധികം മദ്യം എന്തിന് സൂക്ഷിച്ചു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് മറ്റേതോ ഒരു എക്സൈസ് കേസുമായി ബന്ധപ്പെട്ട നടപടിയാണെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവ്യക്തമായ പ്രതികരണം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിന് പിന്നാലെ അബ്കാരി കേസിലും കുരുങ്ങിയതോടെ ആന്റോ അഗസ്റ്റിനെതിരെയുള്ള നിയമനടപടികൾ കൂടുതൽ കർശനമായിരിക്കുകയാണ്.




