"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തലച്ചോറിലെ സങ്കീർണ മുഴ നീക്കം ചെയ്തു; ബോധത്തോടെ നടത്തിയ ‘അവേക്ക് ക്രാനിയോട്ടമി’ വിജയകരം | awake craniotomy

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

awake craniotomy

തൊടുപുഴ: ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരവും പേശികൾ വലിഞ്ഞുമുറുകുന്ന വേദനയും കാരണം ചികിത്സ തേടിയെത്തിയ 33കാരിയുടെ തലച്ചോറിലെ സങ്കീർണമായ ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു (awake craniotomy). തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലാണ് രോഗിയെ ബോധത്തോടെ നിലനിർത്തി നടത്തിയ ‘അവേക്ക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

കുമളി അഞ്ചുരുളി സ്വദേശിനിയായ യുവതിയുടെ തലച്ചോറിന്റെ ഇടത് ഹൈ ഫ്രണ്ടൽ ലോബിലാണ് ട്യൂമർ കണ്ടെത്തിയത്. ന്യൂറോളജിസ്റ്റ് ഡോ. ജിതിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 3.6 × 2.7 × 3.4 സെന്റീമീറ്റർ വലുപ്പമുള്ള മുഴ കണ്ടെത്തിയത്.

ചലനശേഷി നിയന്ത്രിക്കുന്ന മോട്ടോർ കോർടെക്‌സ്, സപ്ലിമെന്ററി മോട്ടോർ കോർടെക്‌സ് എന്നീ സുപ്രധാന ഭാഗങ്ങളോട് ചേർന്നായിരുന്നു ട്യൂമർ വളർന്നിരുന്നത്. ഇതിനെ തുടർന്ന് തലച്ചോറിൽ നീർക്കെട്ടും ഏകദേശം ഏഴ് മില്ലിമീറ്റർ മധ്യരേഖാ വ്യതിയാനവും ഉണ്ടായിരുന്നു.

ട്യൂമർ സ്ഥിതി ചെയ്തിരുന്ന സ്ഥാനം കണക്കിലെടുത്ത് സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ നടത്തിയാൽ രോഗിയുടെ ചലനശേഷിയെ ഗുരുതരമായി ബാധിക്കാനും പക്ഷാഘാതത്തിന് കാരണമാകാനും സാധ്യതയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് മെഡിക്കൽ സംഘം ‘അവേക്ക് ക്രാനിയോട്ടമി’ എന്ന സങ്കീർണ ശസ്ത്രക്രിയാ രീതി തിരഞ്ഞെടുക്കിയത്. സാധാരണയായി ഇത്തരം ശസ്ത്രക്രിയകൾ രോഗിയെ പൂർണമായി മയക്കിയ ശേഷമാണ് നടത്തുന്നത്.

തത്സമയം ചലനശേഷി നിരീക്ഷിച്ചു
ന്യൂറോ സർജൻ ഡോ. ക്രാന്തിരാജ് പോപ്പത്ത് പവാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ രോഗിയെ പൂർണ ബോധാവസ്ഥയിൽ നിലനിർത്തുകയും സംസാരിപ്പിക്കുകയും ചെയ്തു. ട്യൂമർ നീക്കം ചെയ്യുന്ന ഓരോ ഘട്ടത്തിലും കൈകാലുകളുടെ ചലനശേഷിയും മറ്റ് ശാരീരിക പ്രവർത്തനങ്ങളും തത്സമയം പരിശോധിക്കാൻ ഈ രീതിയിലൂടെ സാധിച്ചു.

ന്യൂറോ അനസ്‌തെറ്റിസ്റ്റ് ഡോ. നിതീഷ് റോയ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അനസ്‌തേഷ്യ നിയന്ത്രണം ഏകോപിപ്പിച്ചു.

ശസ്ത്രക്രിയയിലൂടെ ട്യൂമറിന്റെ പ്രധാന ഭാഗം വിജയകരമായി നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം നടത്തിയ സി.ടി. സ്കാനിൽ ട്യൂമർ നീക്കം ചെയ്തതായി സ്ഥിരീകരിച്ചു. തലച്ചോറിലെ നീർക്കെട്ട് കുറഞ്ഞതിന് ശേഷം തുടർ എം.ആർ.ഐ. പരിശോധന നടത്തും.

ശസ്ത്രക്രിയയ്ക്ക് ശേഷം കൈകാലുകൾക്കും സംസാരശേഷിക്കും യാതൊരു തകരാറും സംഭവിക്കാതെ രോഗി ആശുപത്രി വിട്ടു. അപസ്മാര ലക്ഷണങ്ങളിൽനിന്നും മോചനം ലഭിച്ചുവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ‘അവേക്ക് ക്രാനിയോട്ടമി’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Story Summary:
A 33-year-old woman from Kumily underwent a complex awake craniotomy at Baby Memorial Hospital, Thodupuzha, to remove a brain tumour located near critical areas controlling movement. The surgery was completed successfully while the patient remained conscious, with no reported post-operative movement or speech impairment.

Get more updates from Pudukad News on Google