"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുക്രെയ്നിൽ റഷ്യൻ ആക്രമണം രൂക്ഷം; കീവിലും ഒഡേസയിലും സപൊറീഷ്യയിലും 19 പേർക്ക് പരിക്ക് | Russian attacks on Ukraine

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Russian attacks on Ukraine

കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കുറഞ്ഞത് 19 പേർക്ക് പരിക്ക്. തലസ്ഥാനമായ കീവിലും സപൊറീഷ്യ, ഒഡേസ മേഖലകളിലുമാണ് പ്രധാനമായും ആക്രമണം നടന്നത്. രാത്രിയിലുണ്ടായ ആക്രമണത്തിൽ 131 റഷ്യൻ വ്യോമലക്ഷ്യങ്ങൾ തകർക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. (Russian attacks on Ukraine)

ആക്രമണങ്ങൾ 36 ഇടങ്ങളിൽ രേഖപ്പെടുത്തിയതായും തടഞ്ഞുവീഴ്ത്തിയ ലക്ഷ്യങ്ങളുടെ അവശിഷ്ടങ്ങൾ അഞ്ച് സ്ഥലങ്ങളിൽ പതിച്ചതായും അധികൃതർ പറഞ്ഞു. കീവിലെ വിവിധ ജില്ലകളിൽ ഗോഡൗണുകൾ, ഓഫിസ് കെട്ടിടങ്ങൾ, താമസകെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. കീവ് മേഖലയിലെ ഒബുഖിവ്, ബ്രോവറി, ഫാസ്റ്റിവ്, ബുച്ച മേഖലകളിലും വീടുകൾ, ഗോഡൗണുകൾ, ഉൽപാദന കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി.

ഒഡേസയിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഉയർന്ന കെട്ടിടങ്ങളുള്ള താമസ സമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന് പുറമെ ഒരു സ്വകാര്യ വീട് പൂർണമായും തകർന്നു. ഗോഡൗണുകൾ, നഴ്സറി സ്കൂൾ, കാറുകൾ, ഗാരേജുകൾ എന്നിവയ്ക്കും നാശനഷ്ടമുണ്ടായതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. അതേസമയം, റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദമനുസരിച്ച് ലോഹനിർമാണ, ഇലക്ട്രോണിക്സ് പ്ലാന്റുകൾ, സൈനിക വ്യവസായവുമായി ബന്ധപ്പെട്ട ഫാക്ടറികൾ, ഊർജ-ഗതാഗത സംവിധാനങ്ങൾ എന്നിവയാണ് റഷ്യ ലക്ഷ്യമിട്ടത്. ഒഡേസയിലെ ചോർണോമോർസ്ക് തുറമുഖത്ത് ചരക്കുകപ്പലുകളും യുക്രെയ്ൻ സൈന്യത്തിനായി സാധനങ്ങൾ കൊണ്ടുപോകുന്ന ഒരു ഫെറിയും ആക്രമണത്തിൽ തകർന്നതായും റഷ്യ അവകാശപ്പെട്ടു.

അതിനിടെ, റഷ്യൻ ആക്രമണങ്ങൾക്കിടെ യുക്രെയ്ൻ റഷ്യയ്ക്കെതിരെയും ഡ്രോൺ ആക്രമണം നടത്തി. റഷ്യയിലെ യാരോസ്ലാവ് നഗരത്തിന് സമീപമുള്ള എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ആക്രമണത്തെ തുടർന്നുണ്ടായ തീ അണച്ചതായി പ്രാദേശിക ഗവർണർ മിഖായിൽ യെവ്രായേവ് പറഞ്ഞു. റോസ്തോവ് മേഖലയിലെ സൈനിക താവളത്തിൽ നടത്തിയ ആക്രമണത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കേടുപാടുണ്ടായതായും സെലൻസ്കി അവകാശപ്പെട്ടു.

ഊർജമേഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നത് യുക്രെയ്നിന്റെ ശൈത്യകാല തയ്യാറെടുപ്പുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ റഷ്യയും യുക്രെയ്നും ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇരു രാജ്യങ്ങളും ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ശൈത്യകാലത്ത് റഷ്യൻ ആക്രമണങ്ങൾ യുക്രെയ്നിലെ വൈദ്യുതി ശൃംഖലയെ വലിയ തോതിൽ ബാധിച്ചിരുന്നു.

Summary: At least 19 people were injured in Russian missile and drone attacks targeting Kyiv, Odesa and Zaporizhzhia regions of Ukraine. Residential buildings and civilian infrastructure were damaged, while Ukraine also reported drone strikes on targets inside Russia. Russia Ukraine war latest, Russian attacks on Ukraine, Kyiv missile drone attack, Odesa attack Ukraine, Zaporizhzhia Russian strikes, Ukraine Russia war 2026, Ukraine civilian casualties, Russian drone attacks Kyiv, Ukraine attacks Russia

Get more updates from Pudukad News on Google