ഡോളറിനെതിരെ തിരിച്ചുകയറി ഇന്ത്യൻ രൂപ: വൻ ഇടിവിന് ശേഷം മൂല്യം 16 പൈസ ഉയർന്ന് 95.73 ലെത്തി; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളറിന് താഴേക്ക് ഇറങ്ങിയതും ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ ആശ്വാസ മുന്നേറ്റവും രൂപയ്ക്ക് കരുത്തായി
Current: മലയാളം

മുംബൈ: ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെയും പിന്‍ബലത്തില്‍ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തിരിച്ചുകയറി.
വെള്ളിയാഴ്ച തുടക്കവ്യാപാരത്തില്‍ ഡോളറിനെതിരെ 16 പൈസ ഉയര്‍ന്ന് 95.73 എന്ന നിലയിലാണ് രൂപ വ്യാപാരം നടത്തുന്നത്. മുന്‍ വ്യാപാരാവസാനത്തില്‍ രൂപയുടെ മൂല്യം 95.89 ആയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിന് താഴേക്ക് ഇറങ്ങിയത് ഇന്ത്യന്‍ രൂപയ്ക്കുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചതായി വിദേശനാണ്യ വിപണി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റ് വര്‍ദ്ധനവ് വരുത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ ബോണ്ട് ഈല്‍ഡുകള്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴ്ന്നതും രൂപയ്ക്ക് അനുകൂലമായി.
ആഭ്യന്തര വിപണിയില്‍ സെന്‍സെക്‌സ് 122.18 പോയിന്റ് ഉയര്‍ന്ന് 74,436.77 ലും നിഫ്റ്റി 23.55 പോയിന്റ് ഉയര്‍ന്ന് 23,294.15 ലും വ്യാപാരം തുടരുന്നു. അതേസമയം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 3,208.76 കോടി രൂപയുടെ ഓഹരികള്‍ അറ്റ അടിസ്ഥാനത്തില്‍ വിറ്റഴിച്ചിരുന്നു.
പ്രമുഖ ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ ഇന്‍ഡക്‌സ് നേരിയ ഇടിവോടെ 99.97 ലാണ് വ്യാപാരം നടത്തുന്നത്.




