തുടർച്ചയായ അവഗണനകൾക്കും വെട്ടിനിരത്തലുകൾക്കും ഒടുവിൽ എം.ബി. രാജേഷ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ. നേതൃത്വത്തിന്റെ തിരുത്തലും പ്രായശ്ചിത്തവുമെന്ന് വിലയിരുത്തൽ. മുമ്പ് കേന്ദ്ര കമ്മിറ്റിയിൽ എടുക്കാതെയും തഴഞ്ഞു. തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയായതോടെ ഒടുവിൽ അണികളുടെ വികാരം മാനിച്ച് അഴിച്ചുപണി. റിയാസിന്റെ വളർച്ചയ്ക്കായി ഒതുക്കിയെന്ന വിമർശനങ്ങൾക്കും വിരാമം
Current: മലയാളം

തിരുവനന്തപുരം: മുൻമന്ത്രി എം.ബി.രാജേഷിനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താനുളള തീരുമാനം നേതൃത്വത്തിൻെറ പ്രായശ്ചിത്തമാണ്.
രണ്ട് സംസ്ഥാന സമ്മേളനങ്ങളിലായി തഴയുകയും രാജേഷിനേക്കാൾ ജൂനിയറായവരെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയിട്ടും പരിഗണിക്കാതെ പോയതിൻെറ പ്രായശ്ചിത്തമാണത്.
പാർട്ടി നേതൃത്വത്തിൽ പി.എ.മുഹമ്മദ് റിയാസ് പിടിമുറുക്കിയതോടെയാണ് രാജേഷിനെ പോലെ കഴിവും ശേഷിയുമുളള നേതാക്കൾ തഴയപ്പെട്ട് തുടങ്ങിയത്.
മുഹമ്മദ് റിയാസിൻെറ രാഷ്ട്രീയ വളർച്ചയ്ക്ക് ഭീഷണിയായേക്കാവുന്ന നേതാക്കളെ കണ്ടെത്തി മൂടോടെ വെട്ടുന്ന പ്രവർത്തനത്തിൻെറ ഇരകളിൽ ഒരാളായിരുന്നു എം.ബി.രാജേഷ്.
എറണാകുളം സംസ്ഥാന സമ്മേളനത്തിൽ പി.എ.മുഹമ്മദ് റിയാസും എം.സ്വരാജും പുത്തലത്ത് ദിനേശനും സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയപ്പോൾ സ്പീക്കർ ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രാജേഷിനെ ഉൾപ്പെടുത്താതിരുന്നത്.
എന്നാൽ പിന്നീട് സ്പീക്കർ സ്ഥാനത്ത് നിന്ന് മാറി മന്ത്രിയായപ്പോഴും പിണറായി വിജയൻെറ നിർദ്ദേശപ്രകാരം പാർട്ടിയെ നയിക്കുന്ന നേതൃത്വത്തിന് പുനരാലോചന ഉണ്ടായില്ല.
കൊല്ലം സംസ്ഥാന സമ്മേളനത്തിൽ തടസങ്ങളൊന്നുമില്ലാതെ രാജേഷ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുമെന്നാണ് കരുതിയതെങ്കിലും അവിടെയും വെട്ടാൻ അടിപ്പണി നടന്നു.
എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കൊണ്ട് രാജേഷ് ഔട്ട്.ജാതി സമവാക്യങ്ങളും പ്രമുഖ നേതാവിൻെറ ഇഷ്ടാനിഷ്ടങ്ങളും മാനദണ്ഡമാക്കിയപ്പോഴാണ് കഴിവും പ്രാപ്തിയുമുളള , കേരളത്തിലെ സിപിഎം അണികൾ പ്രതീക്ഷയോടെ കാണുന്ന എം.ബി.രാജേഷ് തഴയപ്പെട്ടത്.
അടുത്ത പ്രതീക്ഷ മധുരയിൽ നടന്ന പാർട്ടി കോൺഗ്രസായിരുന്നു. പ്രായപരിധി മാനദണ്ഡത്തിൽ പ്രധാന നേതാക്കൾ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ എം.ബി രാജേഷിനെ കേന്ദ്ര കമ്മിറ്റിയംഗമാക്കുമെന്നായിരുന്നു പ്രതീക്ഷ. നിരവധി ഒഴിവുവരുന്ന സാഹചര്യത്തിൽ എം.ബി. രാജേഷിനെ പരിഗണിക്കാതെ തരമില്ലെന്ന സാഹചര്യവും സംജാതമായിരുന്നു.
പിണറായി വിജയൻെറ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് അടക്കമുളളവർ കുപ്പായം തയ്പിച്ചിരുന്നവർ വേറെയുമുണ്ടായിരുന്നു. എന്നാൽ പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ വന്നപ്പോൾ രാജേഷ് ഉണ്ടായിരുന്നില്ല.
രാജേഷിന് പകരം പാലക്കാട്ട് നിന്ന് കേന്ദ്ര കമ്മിറ്റിയിൽ ഇടംനേടിയ കെ.എസ്.സലീഖയുടെ പേര് കണ്ട് കേരളത്തിൽ നിന്നുളള പ്രതിനിധികളാകെ ഞെട്ടി. എം.എൽ.എ സ്ഥാനം ഒഴിഞ്ഞശേഷം മഹിളാ മുന്നണിയിൽ മാത്രം പ്രവർത്തിച്ചിരുന്ന സലീഖ പാർട്ടി പ്രവർത്തനത്തിൽ അത്രകണ്ട് സജീവമായിരുന്നില്ല.
വനിതാ – ന്യൂനപക്ഷ പരിഗണനയിൽ സലീഖയെ തിരഞ്ഞ് പിടിച്ച് കേന്ദ്രകമ്മിറ്റിയിൽ എത്തിച്ചതിന് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുളളു. അത് എം.ബി.രാജേഷിനെ എന്നെന്നേക്കുമായി വെട്ടുക എന്നതായിരുന്നു.
പാലക്കാടിൻെറ ക്വാട്ട നിറച്ച് കഴിഞ്ഞാൽ പിന്നെ നേതൃസമിതികളിലേക്ക് രാജേഷിൻെറ കടന്നുവരവ് തടയാമെന്നായിരുന്നു കെണിയൊരുക്കിയവരുടെ കണക്കുകൂട്ടൽ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി അത്തരം കുടില ബുദ്ധികളുടെയെല്ലാം അന്ത്യം കുറിച്ചു.
98 സീറ്റിൽ നിന്ന് 35ലേക്ക് ചുരുങ്ങിയ എൽ.ഡി.എഫ് നിയമസഭയിൽ 102 സീറ്റിൻെറ ഭൂരിപക്ഷമുളള യു.ഡി.എഫിന് മുന്നിൽ തപ്പിത്തടഞ്ഞപ്പോൾ വെളിവായത് പി.രാജീവിനെയും എം.ബി.രാജേഷിനെയും പോലെ കുറിക്കുകൊളളുന്നപോലെ, യുക്തിഭദ്രമായി രാഷ്ട്രീയ ഭരണ വിഷയങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നവരുടെ അസാന്നിധ്യമാണ്.
വി.ഡി.സതീശൻെറ അശ്വമേധം തടയാൻ കെൽപ്പ് നേടണമെങ്കിൽ രാജീവും രാജേഷും നിയമ സഭയിലോ പാർട്ടിയുടെ നേതൃനിരയിലോ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം സൈബർ പോരാളികൾ സമൂഹ മാധ്യമങ്ങളിൽ തുറന്നെഴുതി.
തിരഞ്ഞെടുപ്പ് തോൽവി മറികടക്കാനുളള നിർദ്ദേശങ്ങൾ അയച്ചവരും ആവശ്യപ്പെട്ടത് രാജേഷിനെ പോലെയുളള വിശ്വാസ്യതയുളള മുഖങ്ങളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാണ്. എല്ലാം ചിലർ മാത്രം തീരുമാനിക്കുന്ന സ്ഥിതി മാറി, പ്രവർത്തകരെ കേട്ട് തീരുമാനം എടുത്തതിൻെറ ഫലമാണ് എം.ബി.രാജേഷും പി.ജയരാജനും ലഭിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വം.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ആയ കാലം മുതൽ സിപിഎം എം.ബി.രാജേഷിനോട് കാട്ടിയ നീതികേടിൻെറ കൂടി പ്രായശ്ചിത്തമാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്വം. എസ്.എഫ്.ഐക്കാലം കഴിഞ്ഞ് മാധ്യമ പ്രവർത്തകനാകാൻ പോയ എം.ബി.രാജേഷ് പിന്നെ പാലക്കാട്ടെ മുതിർന്ന നേതാക്കളായ എം.ചന്ദ്രൻെറയും ടി.ശിവദാസമേനോൻെറയും നിർദ്ദശ പ്രകാരമാണ് മുഴുവൻ സമയ പ്രവർത്തകനായത്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറായ എം.ബി.രാജേഷിനെ, ഒഴിവ് വന്നിട്ടും യുവജന സംഘടനയുടെ സെക്രട്ടറിയാക്കാൻ സിപിഎം നേതൃത്വം തയാറായില്ല.പകരം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞുനിന്ന കണ്ണൂരിൽ നിന്നുളള ടി.വി.രാജേഷിനെയാണ് നേതൃത്വം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്.
വി.എസ് അച്യുതാനന്ദനോട് പ്രകടിപ്പിച്ചിരുന്ന അനുഭാവമാണ് എം.ബി.രാജേഷിനെ പിണറായി വിജയന് അപ്രിയനാക്കിയത്.സാധാരണ ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ സെക്രട്ടറി എന്നിവരിൽ സീനിയറായ നേതാവിനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതാണ് പതിവ്.
എന്നാൽ സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷൻ ആയിട്ട് പോലും എം.ബി.രാജേഷിന് ആ ഭാഗ്യം ലഭിച്ചില്ല. എം.ബി.രാജേഷിനേക്കാൾ ജൂനിയറായ ടി.വി.രാജേഷാണ് ഡിവൈഎഫ്ഐ ക്വാട്ടയിൽ സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിച്ചത്. ഒടുവിൽ 2016 ലാണ് എം.ബി.രാജേഷിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്.
അന്ന് രാജേഷിന് ഒപ്പം പുത്തലത്ത് ദിനേശനെയും എ.കെ.ജി സെൻറർ ഓഫീസ് സെക്രട്ടറി കെ.സജീവനെയും സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ചിരുന്നു. 2017ൽ നടന്ന തൃശൂർ സംസ്ഥാന സമ്മേളനത്തിൽ വെച്ച് സംസ്ഥാന കമ്മിറ്റിയിൽ എത്തിയ പി.എ.മുഹമ്മദ് റിയാസ് തൊട്ടടുത്ത സമ്മേളനത്തിൽ വെച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തി.
അപ്പോഴേക്കും റിയാസ് പിണറായി വിജയൻെറ മകൾ വീണയെ വിവാഹം കഴിച്ചിരുന്നു.എറണാകുളം സമ്മേളനത്തിൽ വെച്ച് തന്നെ പുത്തലത്ത് ദിനേശനും എം.സ്വരാജും സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയിരുന്നു.
അവരേക്കാൾ സീനിയറായിട്ടും എം.ബി.രാജേഷിന് മുന്നിൽ മാത്രം വാതിൽ അടഞ്ഞുകിടന്നു. ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തോൽവി ഏറ്റുവാങ്ങിയപ്പോഴാണ് നേതൃത്വം മാറിച്ചിന്തിക്കാൻ തുടങ്ങിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.




