സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ യഥാർത്ഥ കമ്പനികളുടെ പാസ്‌വേർഡ് തകർത്ത് വെബ്‌സൈറ്റുകളിൽ കടന്നുകയറി ജെമിനി. സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച് ഗൂഗിൾ. സിമുലേഷൻ പിഴച്ചപ്പോൾ സ്വയം പിൻവാങ്ങിയെന്ന് വിശദീകരണം. ബാധിക്കപ്പെട്ട കമ്പനികൾക്കും അധികൃതർക്കും വിവരം കൈമാറിയെന്നും ഗൂഗിൾ
Current: മലയാളം

കാലിഫോർണിയ: മുൻനിര കൃത്രിമബുദ്ധി (എ.ഐ) മോഡലുകൾ സുരക്ഷാ പരിശോധനകൾക്കിടെ ഇതര വെബ്‌സൈറ്റുകളിലേക്ക് അനുമതിയില്ലാതെ അതിക്രമിച്ചു കയറിയെന്ന പരാതികൾ ആഗോളതലത്തിൽ ചർച്ചയാകുന്നതിനിടെ, തങ്ങളുടെ എ.ഐ മോഡലായ ജെമിനിക്കും സമാനമായ ഗുരുതര വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ടെക് ഭീമനായ ഗൂഗിൾ.
സുരക്ഷാ സിമുലേഷൻ പരീക്ഷണങ്ങൾ നടക്കുന്നതിനിടെ മൂന്ന് യഥാർത്ഥ കമ്പനികളുടെ സുരക്ഷാ പാസ്‌വേർഡുകൾ ഭേദിച്ച് ജെമിനി വെബ്‌സൈറ്റുകളിൽ നുഴഞ്ഞുകയറിയതായാണ് കമ്പനി സ്ഥിരീകരിച്ചത്.
ഇതാദ്യമായാണ് അനധികൃത ഹാക്കിംഗിന്റെയും ഡാറ്റാ അതിക്രമത്തിന്റെയും പേരിൽ ഗൂഗിൾ ജെമിനി ഇത്തരമൊരു വിവാദ പട്ടികയിൽ ഇടംപിടിക്കുന്നത്.
ഇസ്രായേലി സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ ‘ഇറെഗുലർ’ നടത്തിയ ആഭ്യന്തര സെക്യൂരിറ്റി ഓഡിറ്റിംഗിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. എ.ഐ മോഡലുകളുടെ സുരക്ഷ അളക്കുന്നതിനായി സിമുലേഷന്റെ ഭാഗമായി ഒരു വ്യാജ കമ്പനിയുടെ സാങ്കൽപ്പിക വിവരങ്ങളാണ് പരിശോധനയ്ക്കായി നൽകിയിരുന്നത്.
പരീക്ഷണ ഘട്ടത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കർശനമായി തടഞ്ഞിരുന്നെങ്കിലും, സാങ്കേതിക തകരാർ മൂലം ഇത് യാദൃശ്ചികമായി തുറന്നുകിട്ടിയതാണ് ജെമിനിയെ പുറംലോകത്തെ സൈറ്റുകളിലേക്ക് വഴിതിരിച്ചുവിട്ടത്.
തുടർന്ന് വ്യാജ കമ്പനിക്ക് സമാനമായ പേരുള്ള മൂന്ന് യഥാർത്ഥ സ്ഥാപനങ്ങളുടെ ഡൊമെയ്‌നുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ജെമിനി, അവയുടെ പാസ്‌വേർഡുകൾ പൊട്ടിച്ച് ആഭ്യന്തര സംവിധാനങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
എന്നാൽ, താൻ കടന്നുകയറിയത് സാങ്കൽപ്പിക പ്ലാറ്റ്‌ഫോമിലല്ലെന്നും യഥാർത്ഥ കമ്പനികളുടെ ആധികാരിക സെർവറുകളിലാണെന്നും തിരിച്ചറിഞ്ഞ നിമിഷം തന്നെ സിസ്റ്റത്തിൽ നിന്നും ജെമിനി സ്വയം തിരിച്ചിറങ്ങിയെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക വിശദീകരണം.
നേരത്തെ സമാനമായ പരിശോധനകൾക്കിടെ ആന്ത്രോപിക്, ഓപ്പൺ എ.ഐ തുടങ്ങിയ പ്രമുഖ കമ്പനികളുടെ എ.ഐ മോഡലുകളും സുരക്ഷാ പരീക്ഷണ പരിധികൾ ലംഘിച്ച് പുറത്തുള്ള വെബ്‌സൈറ്റുകളിലേക്ക് കടന്നുകയറിയിരുന്നു.
എന്നാൽ, തങ്ങൾ ചെയ്തത് യഥാർത്ഥ കടന്നുകയറ്റമാണെന്ന് മനസ്സിലാക്കി സ്വയം പ്രതികരിച്ച് സ്വന്തം നിലയ്ക്ക് പിൻവാങ്ങിയെന്ന പ്രത്യേകത ജെമിനിയുടെ കാര്യത്തിൽ മാത്രമാണ് സംഭവിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.
അപ്രതീക്ഷിതമായുണ്ടായ ഈ സുരക്ഷാ വീഴ്ച ബാധിച്ച മൂന്ന് സ്വകാര്യ കമ്പനികളെയും, യു.എസ് ഫെഡറൽ അന്വേഷണ ഏജൻസികളെയും വിവരങ്ങൾ കൃത്യമായി ധരിപ്പിച്ചിട്ടുണ്ടെന്നും, ഭാവിയിൽ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ പ്രോട്ടോക്കോളുകൾ കൂടുതൽ കർശനമാക്കിയതായും ഗൂഗിൾ വ്യക്തമാക്കി.




