ബെംഗളൂരുവിലെ പി.ജി താമസസൗകര്യങ്ങൾക്ക് കടുത്ത നിയന്ത്രണം; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ ഹൈക്കോടതിയുടെ സമഗ്ര മാർഗനിർദേശം, എല്ലാ പി.ജികളും ഹോസ്റ്റലുകളും കോ-ലിവിങ് കേന്ദ്രങ്ങളും സർവേ ചെയ്ത് ലൈസൻസ്, കെട്ടിട സുരക്ഷ, അഗ്നിശമന സംവിധാനങ്ങൾ ഉൾപ്പെടെ പരിശോധിക്കണം; താമസക്കാരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും കിടപ്പുമുറികളിലും കുളിമുറികളിലും വസ്ത്രം മാറുന്ന ഇടങ്ങളിലും സി.സി.ടി.വി സ്ഥാപിക്കുന്നത് കർശനമായി നിരോധിക്കണമെന്നും നിർദേശം
Current: മലയാളം

ബംഗളൂരു: പി.ജി താമസ സൗകര്യങ്ങളുടെ നിരീക്ഷണം, നിയന്ത്രണം, പരിശോധന, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവക്കായി ഹൈക്കോടതി സമഗ്രമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
യെലഹങ്കക്കടുത്തുള്ള കട്ടിഗെനഹള്ളിയിലെ മെസ് പ്രിൻസ് പി.ജിയുടെ ഉടമ സമർപ്പിച്ച ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് പി.ജികൾക്ക് നോട്ടീസ് നൽകുകയും ട്രേഡ് ലൈസൻസ് നൽകാൻ വിസമ്മതിക്കുകയും ചെയ്ത ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ നടപടിയെ ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവിൽ ഹ്രസ്വകാലത്തേക്ക് വരുന്ന വിദ്യാര്‍ഥികള്‍, ജീവനക്കാർ, ട്രെയിനികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവർക്ക് താമസിക്കാന്‍ അനുയോജ്യമാണ് പി.ജി.കൾ. നിയമപരമായി പ്രവർത്തിക്കുന്ന പി.ജി.കളെ നിരോധിക്കുകയോ അനാവശ്യമായി നിയന്ത്രിക്കുകയോ ചെയ്യുകയല്ല മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതി വ്യക്തമാക്കി.
പി.ജി ഉടമകളോ നടത്തിപ്പുകാരോ നിയമങ്ങൾ ലംഘിക്കുകയും ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന് ബെഞ്ച് പറഞ്ഞു.
നഗരത്തിലെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി തിരിച്ചറിഞ്ഞ പി.ജികളുടെ എണ്ണം, നിയമലംഘനങ്ങൾ, അവക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജി.ബി.എയോട് നിർദേശിച്ചു.
വിഷയത്തില്‍ വാദം കേൾക്കൽ സെപ്റ്റംബർ 28 ലേക്ക് മാറ്റി. കെട്ടിട നിര്‍മ്മാണ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അവ പൊളിച്ചുമാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നിര്‍ദേശങ്ങള്‍
പി.ജി താമസ സൗകര്യങ്ങളുടെ സമഗ്രമായ സർവേ നടത്തുക, ലൈസൻസുള്ളതും ഇല്ലാത്തതും കാലാവധി കഴിഞ്ഞ ലൈസൻസുള്ളതുമായ പി.ജികൾ, ഹോസ്റ്റലുകൾ, കോ-ലിവിങ് സ്പെയ്സുകൾ, സർവിസ് അപ്പാർട്ടുമെന്റുകൾ, മറ്റ് താമസ സൗകര്യങ്ങൾ എന്നിവ തിരിച്ചറിയാന്‍ അധികാരികൾക്ക് നിർദ്ദേശം നൽകി.
അംഗീകൃത കെട്ടിട പ്ലാൻ, ഭൂവിനിയോഗ ചട്ടങ്ങൾ, അനധികൃതമായി നിര്‍മിച്ച നിലകൾ, ടെറസ് മുറികൾ, പാർക്കിങ് സ്ഥലങ്ങള്‍,, എന്നിവയുൾപ്പെടെ കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികൾ പരിശോധിക്കണം. മുറികളുടെ എണ്ണം, കിടക്കകളുടെ എണ്ണം, യഥാർത്ഥ താമസക്കാരുടെ എണ്ണം, ഓരോ താമസക്കാരനും അനുവദിച്ച സ്ഥലം, അഗ്നിശമന ഉപകരണങ്ങൾ, അലാറം സംവിധാനങ്ങൾ, സ്മോക്ക് ഡിറ്റക്ടറുകൾ, അടിയന്തര ലൈറ്റിങ്, എക്സിറ്റ് വാതിലുകൾ, അടുക്കള, എൽ.പി.ജി സുരക്ഷ എന്നിവ പരിശോധിക്കണം. കൂടാതെ അഗ്നിശമന വാഹനങ്ങൾക്ക് കെട്ടിടത്തിലേക്ക് എത്താൻ കഴിയുമെന്ന് ഉറപ്പ് വരുത്തണം.
സുരക്ഷയുടെ പേരിൽ സ്വീകരിക്കുന്ന നടപടികൾ താമസക്കാരുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കുന്നതാകരുത്. കിടപ്പുമുറികൾ, കുളിമുറികൾ, വസ്ത്രം മാറുന്ന സ്ഥലങ്ങൾ, മറ്റ് സ്വകാര്യ ഇടങ്ങൾ എന്നിവിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത് കർശനമായി നിരോധിക്കണം.
സ്ത്രീകള്‍ക്ക് അവര്‍ താമസിക്കുന്ന പേയിങ് സെന്ററുകളിൽ പരിസരത്തിന്റെ പശ്ചാത്തലവും താമസക്കാരുടെ എണ്ണവും അടിസ്ഥാനമാക്കി ഉചിതമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. നഗരത്തിലെ എല്ലാ പി.ജികളുടെയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഏകീകൃത ഡിജിറ്റൽ ഡേറ്റബേസ് നിര്‍മിക്കാന്‍ അധികാരികൾ ശ്രദ്ധ ചെലുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.




