പ്രധാനമന്ത്രി മോദിയെയും പരേതയായ മാതാവിനെയും രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പരിഹസിച്ചതായി ആരോപണം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി; അമ്മമാർ രാഷ്ട്രീയ വിഷയമല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Current: മലയാളം

ഇന്‍ഡോര്‍: വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അനുകരിച്ച് പരിഹസിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപക്ഷമായ ബിജെപി.
രാഹുല്‍ ഗാന്ധി നയിച്ച ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ സംഭാഷണ ശൈലിയെയും പെരുമാറ്റങ്ങളെയും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ പുല്‍കിത് മണി അനുകരിച്ചത്.
ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി വിദേശ നേതാക്കളോട് സംസാരിക്കുന്ന ശൈലിയും വിദേശനയങ്ങളും മുന്‍പ് ഒരു പ്രായമായ സ്ത്രീയോട് നടത്തിയ ഇടപെടലുകളും കുട്ടികളോട് കാണിച്ച കോയിന്‍ ട്രിക്കും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ അനുകരിച്ചിരുന്നു.
ഈ സമയത്ത് സ്റ്റേജിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധി ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.
പ്രധാനമന്ത്രി ഒരു പ്രായമായ അമ്മയ്ക്ക് ബഹുമാനവും സ്‌നേഹവും നല്‍കിയപ്പോള്‍, രാഹുല്‍ ഗാന്ധി അതിനെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ബിജെപി ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ കുറ്റപ്പെടുത്തി. രാഷ്ട്രീയ മൂല്യങ്ങളും കേവലം പ്രദര്‍ശന രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
അമ്മമാര്‍ രാഷ്ട്രീയ വിഷയമല്ലെന്നും സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിനും ഇത്തരമൊരു അധിക്ഷേപം അംഗീകരിക്കാനാകില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പരേതയായ മാതാവിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി പ്രതികരിക്കാതെ ചിരിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരമില്ലായ്മയാണ് കാണിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയും വിമര്‍ശിച്ചു.




