"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പൂജയുടെ മറവിൽ മയക്കുമരുന്ന് നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; ഒളിക്യാമറ വഴി ന​ഗ്ന ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ്ബിൽ വിറ്റു. സേലത്ത് വ്യാജ ആൾദൈവം പിടിയിൽ. തട്ടിപ്പ് പുറത്തുവന്നത് വിനായക ചതുർഥി പിരിവിനെത്തിയ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

സേലം: മാന്ത്രിക പൂജകളുടെയും വഴിപാടുകളുടെയും പേരിൽ സ്ത്രീകളെയും സ്കൂൾ വിദ്യാർഥിനികളെയും മയക്കി ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഡാർക്ക് വെബ്ബിൽ വിൽക്കുകയും ചെയ്ത വ്യാജ ആൾദൈവം തമിഴ്നാട്ടിലെ സേലത്ത് പിടിയിലായി. 


വാഴപ്പാടിക്ക് സമീപം ‘ശനീശ്വര’ എന്ന പേരിൽ മന്ത്രവാദ കേന്ദ്രം നടത്തിവന്നിരുന്ന വിജയരാജ (50) എന്നയാളെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.


വിനായക ചതുർഥി ഉത്സവത്തിന് സംഭാവന പിരിക്കാനായി മന്ത്രവാദ കേന്ദ്രത്തിലെത്തിയ സ്കൂൾ വിദ്യാർഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് വർഷങ്ങളായി നടന്നുപോന്ന ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്തുവന്നത്. 


ഭയന്നുപോയ വിദ്യാർഥിനി വിവരങ്ങൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും മന്ത്രവാദ കേന്ദ്രത്തിലേക്ക് എത്തിയതോടെ വിജയരാജ സ്ഥാപനം പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു.


എന്നാൽ നാട്ടുകാർ നടത്തിയ തിരച്ചിലിൽ സമീപത്തെ ഒളിത്താവളത്തിൽനിന്ന് ഇയാളെ വളഞ്ഞുപിടിച്ച് വാഴപ്പാടി പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിൽ പ്രതിയുടെ ലാപ്‌ടോപ്പിൽനിന്ന് സ്കൂൾ വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും അൻപതിലധികം അശ്ലീല വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തു.


പൂജയ്ക്കെത്തുന്ന സ്ത്രീകൾക്ക് മയക്കുമരുന്ന് കലർത്തിയ കുടിവെള്ളവും പ്രസാദവും നൽകി ബോധരഹിതരാക്കിയ ശേഷമാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. 


ഈ സമയത്ത് മുറികളിൽ സ്ഥാപിച്ചിരുന്ന ഒളിക്യാമറകൾ വഴി നഗ്നദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു രീതി. നേരത്തെ പാത്രനിർമ്മാണ ശാലയിൽ ജോലി ചെയ്തിരുന്ന വിജയരാജ ആ സ്ഥാപനം പൂട്ടിയതോടെയാണ് വൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ആൾദൈവത്തിന്റെ വേഷമണിഞ്ഞ് മന്ത്രവാദ കേന്ദ്രം തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.


ഇത്തരം അശ്ലീല ദൃശ്യങ്ങൾ നൽകിയാൽ വലിയ തുക നൽകാമെന്ന് ഒരു വെബ്‌പോർട്ടൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും തുടർന്ന് ഇവ ഡാർക്ക് വെബ് ഫോറങ്ങളിലേക്ക് അയച്ചുകൊടുത്ത് വൻതോതിൽ പണം സമ്പാദിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 


സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയുടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വൻ അശ്ലീല വീഡിയോ മാഫിയാ സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം തുടരുകയാണ്.

Get more updates from Pudukad News on Google