ടിക്കറ്റ് ഇതര വരുമാനം കൂട്ടാൻ കെഎസ്ആർടിസി; കാർഗോ സേവനത്തിന് അഞ്ച് വാഹനങ്ങൾ ലീസിന് എടുക്കും | KSRTC cargo service Kerala
Current: മലയാളം

തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനം കൂടി ലോജിസ്റ്റിക് സംവിധാനത്തിൽ ഉൾപ്പെടുത്താൻ കെഎസ്ആർടിസി. പദ്ധതിയുടെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹക ശേഷിയുള്ള അഞ്ച് വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി ഇ-ടെൻഡർ ക്ഷണിച്ചു (KSRTC cargo service Kerala). വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ നടപ്പാക്കുന്ന കാർഗോ സേവനങ്ങളുടെ മാതൃക പഠിച്ചാണ് കെഎസ്ആർടിസി പുതിയ സംവിധാനത്തിലേക്ക് കടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആർടിസികൾ കാർഗോ സേവനത്തിലൂടെ വരുമാനം നേടുന്നുണ്ട്. ഈ മാതൃക കേരളത്തിലും പ്രയോജനപ്പെടുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.
നിലവിലുള്ള ലോജിസ്റ്റിക് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കാനാണ് കെഎസ്ആർടിസി ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിലെ അഞ്ച് വാഹനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം സേവനം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കാർഗോ മേഖലയിലൂടെ പുതിയ വരുമാനസ്രോതസ് കണ്ടെത്തുന്നതിനൊപ്പം കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് സംവിധാനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 3 വൈകിട്ട് നാല് മണിയാണ്. ടെൻഡറുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും മറ്റ് വിശദാംശങ്ങളും കേരള സർക്കാരിന്റെ ഇ-ടെൻഡർ പോർട്ടലിലും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
Summary: KSRTC is expanding its logistics operations by introducing cargo services to increase non-ticket revenue. The transport corporation has invited an e-tender to lease five vehicles with a capacity of 7–8 tonnes as part of the first phase.




