‘വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാൻ തീരുമാനിച്ചിട്ടില്ല, കാളപെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്’; പ്രചാരണം തെറ്റിദ്ധാരണാജനകമെന്ന് മന്ത്രി റോജി എം ജോൺ | Roji M John on student politics
Current: മലയാളം

കൊച്ചി: കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി റോജി എം ജോൺ. വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (Roji M John on student politics). കോടതി നിർദേശത്തെ തുടർന്ന് സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതി രൂപീകരിച്ചതിന്റെ ഭാഗമായി നിയമ സമിതി തയ്യാറാക്കിയ രേഖയാണ് ഇപ്പോൾ ചർച്ചയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉപസമിതി ചർച്ച ചെയ്യുന്നതിനായി തയ്യാറാക്കിയ രേഖ മാത്രമാണിത്. വിദ്യാർത്ഥി സംഘടനകളിൽ നിന്ന് അഭിപ്രായം തേടുകയും തുടർന്ന് വീണ്ടും ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്താൽ മാത്രമേ ഇത് മാർഗനിർദേശമായി പരിഗണിക്കാനാകൂവെന്നും റോജി എം ജോൺ പറഞ്ഞു. അതിനാൽ നിലവിൽ പുറത്തുവന്ന രേഖയെ സർവകലാശാലയുടെ അന്തിമ തീരുമാനമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിരുദ്ധമായ ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സർവകലാശാല വൈസ് ചാൻസലറുടെ നടപടിയെ വിമർശിച്ചാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചത്.
ഇപ്പോഴുള്ളത് ക്യാമ്പസുകളിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ മാത്രമാണെന്നും പുറത്തുവന്നത് ഔദ്യോഗിക രേഖയല്ലെന്നുമാണ് സർവകലാശാല വൈസ് ചാൻസലറുടെ വിശദീകരണം. അതേസമയം, കേരള സർവകലാശാലയുടെ ഔദ്യോഗിക അറിയിപ്പുകളിൽ 2026-27 അധ്യയന വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നതായി കാണാം.
Summary: Minister Roji M John said the University of Kerala has not taken any decision to ban student politics. He said the document under discussion was prepared for the Syndicate subcommittee following a court direction and is not a final guideline.




