ഉപ്പള ബേക്കൂർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ സീനിയർമാരുടെ ക്രൂര റാഗിങ്. ഷൂ ധരിച്ചതിനും ബട്ടൺ തുറന്നിട്ടതിനും തല്ലിച്ചതച്ചു. കൈകൾ പിന്നിലേക്ക് തിരിച്ച് ചവിട്ടിയും കലി തീർത്തു. 14 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്. നാലുപേർക്ക് സസ്പെൻഷൻ
Current: മലയാളം

കാസർകോട്: കാസർകോട് ഉപ്പള ബേക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർമാരുടെ ക്രൂരമായ റാഗിങ്.
സ്കൂളിൽ ഷൂ ധരിച്ചെത്തിയെന്നും യൂണിഫോം ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്നും ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥികളായ അഞ്ചുപേരെ പ്ലസ് ടു വിദ്യാർത്ഥികളായ 14 അംഗ സംഘം വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പലിന്റെ പരാതിയെത്തുടർന്ന് കണ്ടാലറിയാവുന്ന 14 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ മഞ്ചേശ്വരം പോലീസ് റാഗിങ് വിരുദ്ധ നിയമപ്രകാരം കേസെടുത്തു. ഇതിൽ അക്രമത്തിന് നേതൃത്വം നൽകിയ നാല് വിദ്യാർത്ഥികളെ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി സസ്പെൻഡ് ചെയ്തു.
ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസിലേക്ക് കയറാൻ തുടങ്ങിയ ജൂനിയർ വിദ്യാർത്ഥികളെ സ്കൂൾ കെട്ടിടത്തിന്റെ പടിക്കെട്ടിന് സമീപം വെച്ച് സീനിയർ വിദ്യാർത്ഥികൾ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് മർദ്ദനമേറ്റ കുട്ടി വെളിപ്പെടുത്തി.
അച്ചടക്കം പഠിപ്പിക്കാമെന്ന് ആക്രോശിച്ചുകൊണ്ട് കൈകൾ പിന്നിലേക്ക് വലിച്ച് ഒടിക്കുകയും മുഖത്തടിക്കുകയും നിലത്തിട്ട് ഷൂ ധരിച്ച കാലുകൊണ്ട് നെഞ്ചിലും വയറ്റിലും ക്രൂരമായി ചവിട്ടുകയും ചെയ്തു.
മുൻപും നിരവധി റാഗിങ് പരാതികളും വിദ്യാർത്ഥി സംഘർഷങ്ങളും അരങ്ങേറിയ സ്കൂളാണ് ബേക്കൂർ ഹയർ സെക്കൻഡറി സ്കൂൾ.
മുൻപ് പലതവണ മാനേജ്‌മെന്റ് കർശനമായ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഇത്തരം കിരാതമായ റാഗിങ് അക്രമങ്ങൾ ആവർത്തിക്കുന്നത് രക്ഷിതാക്കൾക്കിടയിലും നാട്ടുകാർക്കിടയിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മഞ്ചേശ്വരം പോലീസ് സ്കൂളിലെത്തി ഇരകളായ വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




