ബാച്ചിലര്‍ പാര്‍ട്ടി’ രണ്ടാം ഭാഗം; സ്റ്റൈലിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയതിയും പ്രഖ്യാപിച്ചു, ചിത്രം നവംബര്‍ 19-ന് ആഗോള റിലീസ്
Current: മലയാളം

അമല്‍ നീരദിന്റെ പുതിയ ചിത്രം ‘ബാച്ചിലര്‍ പാര്‍ട്ടി D’EUX’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ത്രില്ലര്‍ ‘ബാച്ചിലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ സ്റ്റൈലിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം നവംബര്‍ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
യങ് ജനറേഷന് താരങ്ങളെയും മുന്‍നിര അഭിനേതാക്കളെയും അണിനിരത്തി വന്‍ താരനിരയോടെയാണ് ഇത്തവണ അമല്‍ നീരദ് എത്തുന്നത്.
നസ്ലന്, കുഞ്ചാക്കോ ബോബന്, സൗബിന് ഷാഹിര്‍, ഷറഫുദ്ദീന്, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ഷൈന്‍ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയന്, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍, പാരീസ് ലക്ഷ്മി എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കൂടാതെ ചിത്രത്തില്‍ ടൊവിനോ തോമസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റെഡ്-ഗോള്‍ഡന്‍ റെട്രോ പശ്ചാത്തലത്തില്‍ അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരങ്ങള്‍ അണിനിരന്നിരിക്കുന്നത്.
ഫ്രഞ്ച് ഭാഷയില്‍ ‘രണ്ട്’ അല്ലെങ്കില്‍ ‘അവരെക്കുറിച്ച്’ എന്ന അര്‍ഥം വരുന്നതാണ് ‘D’EUX’ എന്ന വാക്ക്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തുന്ന ചിത്രം ഒരു മാസ് ആക്ഷന്‍-ത്രില്ലര്‍ വിരുന്നായിരിക്കുമെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
ഉണ്ണി ആര് സംഭാഷണമെഴുതുന്ന ചിത്രത്തിന് അപ്പു പ്രഭാകരന് ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം.
അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.




