മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക തന്റെ വലിയ സ്വപ്നമാണെന്ന് നിവിൻ പോളി; അവസരത്തിനായി കാത്തിരിക്കുന്നുവെന്നും താരം
Current: മലയാളം

പ്രിയതാരം മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് നടൻ നിവിൻ പോളി. താൻ ഇപ്പോഴും അതിനായുള്ള കാത്തിരിപ്പിലാണെന്നും യുവനടൻ വ്യക്തമാക്കി. അടുത്തിടെ തിയേറ്ററുകളിലെത്തി വൻ വിജയമായി മാറിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം നൽകിയ അഭിമുഖത്തിലാണ് നിവിൻ പോളി മനസുതുറന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം 310 കോടിയിലധികം കളക്ഷൻ നേടി മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്.

കരിയറിന്റെ ഒരു ഘട്ടത്തിൽ പലവിധത്തിലുള്ള ഗൗരവമേറിയ കഥാപാത്രങ്ങളും ത്രില്ലറുകളും പരീക്ഷിച്ചെങ്കിലും, ഇനി മുതൽ പൂർണമായും എന്റർടൈൻമെന്റ് ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് നിവിൻ പറഞ്ഞു. പ്രേക്ഷകർക്ക് കുടുംബസമേതം തിയേറ്ററിലെത്തി ആസ്വദിക്കാൻ കഴിയുന്ന കഥാപാത്രങ്ങളാണ് ഇനി കൂടുതൽ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൽ നീരദ്, മാർട്ടിൻ പ്രക്കാട്ട്, തരുൺ മൂർത്തി, വിപിൻ ദാസ് എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയ നിവിൻ, തമിഴ് സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ സിനിമകളുടെ വലിയ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും വ്യക്തമാക്കി. രുക്മിണി വസന്ത് നായികയാകുന്ന ചിത്രമാണ് നിവിൻ പോളിയുടേതായി അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്.




