ഇറ്റലിയിലെ സ്കൂളുകളിൽ ഇസ്ലാമിക ശിരോവസ്ത്രം നിരോധിക്കുമെന്നു മെലോണി
Current: മലയാളം

മുസ്ലിം ശിരോവസ്ത്രമായ ബുർഖയും നിഖാബും ഇറ്റലിയിലെ സ്കൂളുകളിൽ നിരോധിക്കുമെന്നു പ്രധാനമന്ത്രി ജിയോർജിയ മെലോണി പ്രഖ്യാപിച്ചു. ഇറ്റലിയിൽ പഠിക്കാൻ വരുന്ന വിദേശീയരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അവർ അറിയിച്ചു.
ഈ നിർദേശങ്ങൾ അടുത്തു തന്നെ മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നു വലതുപക്ഷ ബ്രതെഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവായ മെലോണി പറഞ്ഞു.
“സ്കൂളുകളിൽ ഓരോ ക്ലാസിലും അനുവദിക്കാവുന്ന പരമാവധി വിദേശ കൂട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും,” അവർ പറഞ്ഞു. “മാത്രമല്ല, വിദേശ വിദ്യാർഥികളുടെ മാതാപിതാക്കൾ അവരെ ഇറ്റാലിയൻ പഠിപ്പിക്കണം എന്ന നിയമവും കൊണ്ടു വരും.”
ഇറ്റലിയിൽ പഠിക്കാൻ വരുന്നവർ ഇവിടത്തെ ഭാഷ പഠിക്കുകയും സംസ്കാരം മനസിലാക്കി അതിനെ ആദരിക്കയും ചെയ്യണമെന്നു മെലോണി പറഞ്ഞു. നിയമങ്ങളെയും ആദരിക്കണം.
സ്കൂളിൽ ഒരു വിദ്യാർഥിയും മുഖം മൂടി ഇരിക്കാൻ പാടില്ല. ലിംഗ സമത്വം നടപ്പാക്കാനും അത് ആവശ്യമാണ്. “ഇറ്റലിയിൽ ഏതെങ്കിലും പാരമ്പര്യം പറഞ്ഞു ചെറുപ്പക്കാരായ പെൺകുട്ടികൾ ഒളിച്ചിരിക്കുന്നത് അനുവദിക്കില്ല. ലിംഗ സമത്വം നമ്മുടെ സ്കൂളുകളിൽ വിട്ടുവീഴ്ച്ച ഇല്ലാതെ നടപ്പാക്കും.”
ഇറ്റലിയുടെ സ്കൂൾ സംവിധാനത്തോട് പൊരുത്തപ്പെട്ടു പോകാൻ കഴിയാത്ത കുട്ടികളുടെ മാതാപിതാക്കൾ ഇറ്റാലിയൻ ഭാഷ പഠിക്കണമെന്നും അവർ വ്യക്തമാക്കി.
ഇറ്റാലിയൻ പൗരത്വം ഇല്ലാത്ത 930,000 വിദ്യാർഥികൾ ഇറ്റലിയിലെ സ്കൂളുകളിൽ പഠിക്കുന്നു എന്നാണ് കണക്ക്. മൊത്തം വിദ്യാർഥികളിൽ 11.6%.




