‘ഞങ്ങളെ അകറ്റിയത് പണം’; സഹോദരി രാധയുടെ പരാതിയിൽ പ്രതികരിച്ച് അംബിക, ‘എആർഎസ് ഗാർഡൻ വിൽക്കില്ല’ | Ambika sister Radha complaint
ചെന്നൈ: സഹോദരി രാധ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരിച്ച് നടി അംബിക. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെടുത്തെന്ന രാധയുടെ പരാതിക്ക് പിന്നാലെയാണ് അംബിക തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയത്. കുടുംബബന്ധങ്ങൾ തകരാൻ കാരണം പണമാണെന്നും എആർഎസ് ഗാർഡൻ എന്ന സ്വത്ത് വിൽക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും അംബിക പറഞ്ഞു. (Ambika sister Radha complaint)
വൗ തമിഴ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അംബിക വികാരാധീനയായി പ്രതികരിച്ചത്. എആർഎസ് ഗാർഡൻ തന്റെ അഭിമാനവും സ്വത്തും ജീവനുമാണെന്ന് പറഞ്ഞ അംബിക, ഈ സ്വത്ത് വിൽക്കുന്നില്ലെന്നും വ്യക്തമാക്കി. സ്വത്തിന്റെ പേര് മാറ്റി മറ്റൊരു ബോർഡ് സ്ഥാപിച്ച വിവരം വേദനിപ്പിച്ചെന്നും ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും അവർ പറഞ്ഞു.
കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും പൊലീസ്, കോടതി നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും അംബിക വ്യക്തമാക്കി. രാധയുടെ പരാതി സംബന്ധിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നും യഥാർഥത്തിൽ പരാതി നൽകേണ്ടത് താനാണെന്നും താനാണ് വഞ്ചിക്കപ്പെട്ടതെന്നുമാണ് അംബികയുടെ പ്രതികരണം. അതേസമയം, ഈ ആരോപണങ്ങൾക്ക് നിയമപരമായ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. “മനുഷ്യന്മാർക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേയൊരു സാധനം പണമാണ്” എന്നായിരുന്നു അംബികയുടെ പ്രതികരണം. പണമാണ് കുടുംബത്തിലെ ബന്ധങ്ങളെ പോലും അകറ്റിയതെന്നും നന്ദി, സ്നേഹം, വിട്ടുവീഴ്ച തുടങ്ങിയ മൂല്യങ്ങൾ പിന്നിലായിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. എന്നാൽ തനിക്ക് ദൈവത്തിലും പ്രാർഥനയിലും വിശ്വാസമുണ്ടെന്നും ഈ പ്രതിസന്ധിയിൽനിന്ന് അതാണ് തന്നെ സംരക്ഷിക്കുന്നതെന്നും അംബിക കൂട്ടിച്ചേർത്തു.
താനും രാധയും മല്ലികയും കുട്ടിക്കാലത്ത് വളരെ അടുപ്പത്തിലായിരുന്നുവെന്നും അംബിക ഓർത്തെടുത്തു. ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് നടന്നിരുന്ന കാലവും അച്ഛൻ കൊണ്ടുവരുന്ന വസ്ത്രങ്ങൾ സഹോദരിമാർക്കിടയിൽ പങ്കിട്ടിരുന്നതുമെല്ലാം അവർ ഓർമിച്ചു. ഒരുകാലത്ത് തങ്ങളെക്കുറിച്ച് ‘സഹോദരിമാർ എന്നാൽ ഇങ്ങനെ വേണം’ എന്ന് ആളുകൾ പറയുമായിരുന്നുവെന്നും അംബിക പറഞ്ഞു. എആർഎസ് ഗാർഡൻ വിൽക്കില്ലെന്ന നിലപാട് ആവർത്തിച്ച അംബിക, ഇതുമായി ബന്ധപ്പെട്ട് അറിയാത്തവർ കേട്ടതും കണ്ടതും അടിസ്ഥാനമാക്കി കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ചു. കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നും നിയമനടപടികൾക്ക് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ പറയുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
Summary: Actress Ambika has responded to allegations made by her sister Radha in a financial complaint involving Rs 46 crore. Ambika denied the allegations and said she would not sell the family property ARS Garden, while stating that money had strained their once-close family relationship.




