കേരള കോണ്‍ഗ്രസിനെയും പിജെ ജോസഫിനെയും വെല്ലുവിളിച്ച് പ്രകോപനവുമായി തോമസ് ഉണ്ണിയാടന് എംഎല്‍എ. ജില്ലകള്‍ തോറും അനുഭാവി യോഗം വിളിച്ച് സ്വീകരണം ഏറ്റുവാങ്ങി അച്ചടക്ക നടപടി ഏറ്റുവാങ്ങാന്‍ നീക്കം. പിജെ ജോസഫിനെ ട്രോളിയ ടിഎന്‍ പ്രതാപനെതിരെ കേരള കോണ്‍ഗ്രസ് അണികളും. കേരള കോണ്‍ഗ്രസുകളിലെ പിളര്‍പ്പിന്റെ പാരമ്പര്യം ജോസഫ് ഗ്രൂപ്പിന് വിനയാകുമോ ?
Current: മലയാളം

തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കടുത്ത നീക്കവുമായി തോമസ് ഉണ്ണിയാടന് എം.എല്‍എ. സംഘടനാ തലത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് അച്ചടക്ക നടപടി എടുപ്പിച്ച് പുറത്തു പോകാനുള്ള ഗൂഢനീക്കമാണ് ഉണ്ണിയാടന് നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
സീനിയര്‍ എംഎല്‍എ ആയിട്ടും ചീഫ് വിപ്പ് പദവിയിലേയ്ക്ക് പരിഗണിച്ചില്ലെന്നതാണ് ഉണ്ണിയാടന്റെ പരിഭവത്തിന് കാരണം. മാത്രമല്ല, തന്നെക്കാള്‍ ജൂനിയറും പുതുമുഖവുമായ അപു ജോണ്‍ ജോസഫിനെ ചീഫ് വിപ്പാക്കിയതും അദ്ദേഹത്തെ ചൊടിപ്പിച്ചു.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്കരിച്ച് സമാന്തര യോഗങ്ങള്‍ വിളിച്ച് നേതൃത്വത്തെ പ്രലോഭിപ്പിക്കാനുള്ള നീക്കങ്ങളുമായി തോമസ് ഉണ്ണിയാടന് മുന്നോട്ടു പോകുകയാണ്.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അനുഭാവികളെ പങ്കെടുപ്പിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
കേരള കോണ്‍ഗ്രസിന്റെ 7 എംഎല്‍എമാരില്‍ മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനുമൊഴികെയുള്ളവര് പുതുമുഖങ്ങളാണ്. പിജെ ജോസഫ് മല്‍സരിക്കാതെ മാറിനിന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കു ലഭിച്ച രണ്ട് ക്യാിനറ്റ് പദവികളിലൊന്ന് സ്വാഭാവികമായും ഉണ്ണിയാടന് പ്രതീക്ഷിച്ചിരുന്നു.
മന്ത്രിസ്ഥാനം മോന്‍സ് ജോസഫിന് നല്കിയ സാഹചര്യത്തില്‍ ചീഫ് വിപ്പ് പദവി ഉറപ്പായും തനിക്ക് ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ.
എന്നാല്‍ പാര്‍ട്ടി ചെയര്മാന് പിജെ ജോസഫിന്റെ മകന് അപു ജോസഫിനെ ചീഫ് വിപ്പാക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. അന്നു മുതല്‍ നേതൃയോഗവുമായി ഇടഞ്ഞാണ് ഉണ്ണിയാടന്.
ചരല്‍കുന്നില്‍ പാര്‍ട്ടി സംസ്ഥാന ക്യാമ്പ് നടക്കുമ്പോഴാണ് അതില്‍ പങ്കെടുക്കാതെ അതേസമയത്തു തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് എംഎല്‍എ ഓഫീസ് ഉദ്ഘാടനം നടത്തിയത്.
മറ്റൊരു സംസ്ഥാന കമ്മറ്റി നടന്ന ദിവസം തൃശൂരില്‍ യോഗം വിളിച്ചു. കഴിഞ്ഞ ദിവസവും തൃശൂര്‍ ജില്ലാ കമ്മറ്റി യോഗം നടന്ന സമയത്ത് സ്വന്തം അനുഭാവികളെ കൂട്ടി യോഗം വിളിച്ച് സ്വീകരണം ഏറ്റുവാങ്ങി.
ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന് പിജെ ജോസഫിനെതിരെയും മകന് അപു ജോസഫിനെതിരെയും ആഞ്ഞടിച്ചത്.
ഇതിനെതിരെ കേരള കോണ്‍ഗ്രസ് അണികള്‍ ഇന്ന് ടിഎന്‍ പ്രതാപനെ നായയോട് ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച് വിമര്‍ശനവുമായി രംഗത്തു വന്നു.
എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഇനി കേരള കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള സാധ്യത തള്ളിക്കൊണ്ടാണ് ഉണ്ണിടായന്റെ നീക്കം.
കൂറുമാറ്റ നിയമപ്രകാരമുള്ള തടസങ്ങള്‍ ഉള്ളതിനാല്‍ പാര്‍ട്ടി വിടാന്‍ കഴിയില്ല. അതിനു പകരമാണ് പാര്‍ട്ടിക്കെതിരെ നീങ്ങി നടപടി എടുപ്പിച്ച് പുറത്തുപോകാനുള്ള നീക്കം.
എന്നാല്‍ ഉണ്ണിയാടന്റെ നീക്കങ്ങളെ തല്ക്കാലം പ്രകോപിപ്പിക്കുന്ന തലത്തിലേയ്ക്ക് പോകാനില്ലെന്ന നിലപാടാണ് പിജെ ജോസഫിന്.
പ്രകോപനവുമായി ഉണ്ണിടായനും രംഗത്തിറങ്ങിയിരിക്കെ വളരും തോറും പിളരുന്ന കേരള കോണ്‍ഗ്രസിന് ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.




