"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അർബുദ മരുന്നുകൾ പത്തിരട്ടി വിലയ്ക്ക് വിൽക്കുന്നത് പകൽക്കൊള്ള. അധികാരികൾ നിശ്ശബ്ദരെന്ന് സുപ്രീം കോടതി. 2,700 രൂപയുടെ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്. ജീവൻരക്ഷാ മരുന്നുകൾ വാങ്ങാൻ ജനങ്ങൾക്ക് വീട് വരെ വിൽക്കേണ്ട അവസ്ഥ. വിപണിയിലെ 83 ശതമാനം മരുന്നുകൾക്കും വിലനിയന്ത്രണമില്ലെന്ന് ഹർജിക്കാരൻ

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: നിർമ്മാതാക്കൾ ചില്ലറ വിൽപനക്കാർക്ക് 2,700 രൂപയ്ക്ക് നൽകുന്ന അർബുദ മരുന്നുകൾ മെഡിക്കൽ ഷോപ്പുകൾ പത്തിരട്ടി കൂട്ടി 27,000 രൂപയ്ക്ക് വരെ വിറ്റഴിക്കുകയാണെന്നും ഇത് കടുത്ത പകൽക്കൊള്ളയാണെന്നും സുപ്രീം കോടതി. 

ജീവൻരക്ഷാ മരുന്നുകൾക്ക് ചില്ലറ വ്യാപാരികൾ സാധാരണക്കാരിൽ നിന്നും പത്തിരട്ടി വില ഈടാക്കിയിട്ടും ഇതിനെതിരെ കൃത്യമായ നടപടിയെടുക്കേണ്ട അധികാരികൾ നിശ്ശബ്ദത പാലിക്കുകയാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു. 

രാജ്യത്തെ അമിത മരുന്നുവില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാരിനെയും ഡ്രഗ്സ് കൺട്രോളർ അധികൃതരെയും നിശിതമായി വിമർശിച്ചത്. 

അർബുദം പോലുള്ള മാരകരോഗങ്ങൾ ബാധിച്ച സാധാരണക്കാരായ മനുഷ്യർ ഒരു ഡോസ് മരുന്ന് വാങ്ങാൻ സ്വന്തം വീടുകളും സ്ത്രീകളുടെ ആഭരണങ്ങളും വരെ വിൽക്കേണ്ടി വരുന്ന അതീവ ദയനീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചു.

മരുന്ന് നിർമ്മാതാക്കൾ വിതരണക്കാർക്കും ചില്ലറ വ്യാപാരികൾക്കും നൽകുന്ന യഥാർത്ഥ വിലയും (പ്രൊക്യുർമെന്റ് പ്രൈസ്), അത് ചില്ലറവിപണിയിൽ വിൽക്കാനായി നിർമ്മാതാക്കൾ തന്നെ പാക്കറ്റുകളിൽ അച്ചടിക്കുന്ന പരമാവധി വിൽപന വിലയും (എം.ആർ.പി) തമ്മിൽ ആകാശഭൂമി വ്യത്യാസമാണുള്ളത്. 

ഇത്തരത്തിൽ അമിത ലാഭം കൊയ്യുന്നതിനായി എം.ആർ.പി വൻതോതിൽ കൃത്രിമമായി ഉയർത്തി നിശ്ചയിക്കുന്നതിനെ പകൽക്കൊള്ളയല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്ന് സുപ്രീം കോടതി ചോദിച്ചു. 

സാധാരണക്കാരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന ഈ കൊള്ള തടയാൻ ഫലപ്രദമായ സംവിധാനങ്ങളുണ്ടാകാത്തതിലും ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യൻ ഔഷധ വിപണിയിലെ നിയന്ത്രണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതിയിൽ നേരിട്ട് ഹാജരായി വാദിച്ച ഹർജിക്കാരൻ കിഷൻ ചന്ദ് ജയിൻ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബെഞ്ചിന് മുന്നിൽ നിരത്തിയത്. 

നിലവിലെ നിയമപരമായ പഴുതുകൾ കാരണം നിർമ്മാതാക്കൾക്ക് ഒരു രൂപ ചെലവ് വരുന്ന അതേ മരുന്ന് തന്നെ ആയിരം രൂപയ്ക്ക് വിപണിയിൽ വിൽക്കാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. 

രാജ്യത്തെ വിപണിയിൽ ലഭ്യമായ അറുപതിനായിരത്തോളം ബ്രാൻഡ് മരുന്നുകളിൽ വെറും അയ്യായിരം ബ്രാൻഡുകൾക്ക് മാത്രമാണ് നിലവിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ (എൻ.പി.പി.എ) വിലനിയന്ത്രണമുള്ളത്. 

വിപണിയിലെ 83 ശതമാനത്തോളം മരുന്നുകളും യാതൊരുവിധ സർക്കാർ വിലനിയന്ത്രണവുമില്ലാതെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തോന്നുംപടിയാണ് ഉയർന്ന വില നിശ്ചയിച്ച് വിറ്റഴിക്കുന്നതെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി തുടർനടപടികളിലേക്ക് കടന്നു.

Get more updates from Pudukad News on Google