സി.എം.ആർ.എൽ അഴിമതിയിൽ കുരുങ്ങി പിണറായിയും റിയാസും വീണയും. കൈക്കൂലി ആരോപണത്തിൽ ആദ്യം ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം മാത്രം. രാഷ്ട്രീയ പ്രത്യാഘാതം ഭയന്ന് എഫ്.ഐ.ആറിൽ മെല്ലെപ്പോക്ക്. ഉടൻ പ്രത്യേക സംഘത്തെ നിയോഗിക്കും. മൊഴിയെടുപ്പിലേക്ക് കടക്കാൻ പോലീസ്. സംഘപരിവാർ ബി ടീമെന്ന ആരോപണമുയർത്തി പ്രതിരോധിക്കാൻ സി.പി.എം. സംസ്ഥാനവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം
Current: മലയാളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി കേസ് എടുക്കണമെന്ന ഇ.ഡി ആവശ്യത്തിൽ പ്രാഥമികാന്വേഷണം നടത്തുക ക്രൈംബ്രാഞ്ച്.
പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇ.ഡിയുടെ ആവശ്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
പൊലീസ് മേധാവിയാണ് പ്രാഥമികാന്വേഷണം നടത്താനും അന്വേഷണ ചുമതല കുറ്റാന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തീരുമാനം എടുത്തത്. വിദേശത്തേക്ക് പണം കടത്തിയെന്നും ഹവാല ഇടപാട് നടത്തിയെന്നും സംശയിക്കുന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നത്.
ഉയർന്നുവന്ന ആരോപണങ്ങൾ അതിൻെറ സമഗ്രതയിൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നതാകും ഉചിതം എന്ന വിലയിരുത്തലിലാണ് തീരുമാനം.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെയും സമർപ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പ്രാഥമികാന്വേഷണം നടത്താമെന്ന നിർണ്ണായക തീരുമാനമെടുത്തത്.
കേസെടുക്കാൻ പര്യാപ്തമായ തെളിവുണ്ടെന്ന് എജിയുടെ നിയമോപദേശം ലഭിച്ചിട്ടും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പരിഗണിച്ചാണ് ആദ്യം പ്രാഥമികാന്വേഷണം മതിയെന്ന ധാരണയിലേക്കെത്തിയത്. ചൊവ്വാഴ്ച രാവിലെ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രാഥമികാന്വേഷണത്തിന് തീരുമാനമായത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കൊണ്ടായിരിക്കും പ്രത്യേകാന്വേഷൻം നടത്തുക. സംഘത്തിൽ ഉൾപ്പെടേണ്ട ഉദ്യോഗസ്ഥരെ ഉടൻ നിശ്ചയിക്കും.
തിടുക്കത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ കൃത്യമായ പ്രാഥമിക അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം.സിഎംആർഎല്ലിൽ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി ആയി കൈപ്പറ്റിയെന്നതാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ.
മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളും പ്രത്യേക സംഘത്തിന്റെ വിപുലമായ അന്വേഷണ പരിധിയിൽ വരും.
പിണറായി വിജയൻ, മകൾ ടി. വീണ (എക്‌സാലോജിക് കമ്പനി ഉടമ), മുഹമ്മദ് റിയാസ് എന്നിവർ ഉൾപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഇഡി ശേഖരിച്ച മൊഴികളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച് പരിശോധിക്കും.
കേസിൽ വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ വിളിച്ചു വരുത്തലും മൊഴിയെടുപ്പും നടക്കാൻ സാധ്യതയുള്ളതിനാൽ കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുന്ന ഒന്നായി ഈ അന്വേഷണം മാറും.
കേന്ദ്ര ഏജൻസിയുടെ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് നീങ്ങുന്ന സർക്കാരിന്റെയും ഇഡിയുടെയും നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെയും സിപിഎമ്മിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധങ്ങൾക്ക് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് ഇഡി നീക്കങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നതെന്നും ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും പാർട്ടി വ്യക്തമാക്കുന്നു. സർക്കാർ അന്വേഷണത്തെ പ്രതിരോധിക്കാൻ സിപിഎം തിരുവനന്തപുരത്തും കോഴിക്കോടും ആലപ്പുഴയിലും പ്രതിഷേധ മാർച്ച് നടത്തി.
വിഡി സതീശൻ സർക്കാർ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് കുടപിടിക്കുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു.
ഇടതുപക്ഷത്തെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം തീരുമാനം. പ്രതിപക്ഷ നേതാവിനെയും കുടുംബത്തെയും വേട്ടയാടുന്ന ബിജെപി- കോൺഗ്രസ് നിലപാടുകൾക്കെതിരായ പ്രതിഷേധം തുടരാനാണ് സിപിഎം നേതൃത്വത്തിൻെറ ആഹ്വാനം.




